x
NE WS KE RA LA
Uncategorized

പോസ്റ്റിന് അശ്ലീല കമന്റ്; നടി ഹണി റോസിന്റെ പരാതിയിൽ 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്

പോസ്റ്റിന് അശ്ലീല കമന്റ്; നടി ഹണി റോസിന്റെ പരാതിയിൽ 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്
  • PublishedJanuary 6, 2025

കൊച്ചി: പൊതുവേദിയില്‍ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റില്‍ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ നടിയും മോഡലുമായ ഹണി റോസ് നല്‍കിയ പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി കുമ്പളം സ്വദേശി ഷാജി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ തുറന്നെഴുത്തിന് പിന്നാലെയാണ് ഹണി റോസിനെതിരെ ആരോപണ വിധേയനായ വ്യക്തിയെ അനുകൂലിക്കുന്നവർ സൈബർ ആക്രമണവും മോശം കമന്റിട്ട് അവഹേളിക്കാനും തുടങ്ങിയത്. തുടർന്ന് രാത്രിയോടെ നടി എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീല കമന്റുകളിട്ടവരെ രാത്രി തന്നെ പൊലീസ് തിരിച്ചറിഞ്ഞു.

സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് ഇവരുടെ ലൊക്കേഷനും ഫോണ്‍ നമ്പറും ശേഖരിച്ചാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ 30 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി അറസ്റ്റ് നടത്തിയത്. അറസ്റ്റിലായ ആളെ സെൻട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം.

പൊതുവേദികളില്‍ പിന്തുടർന്ന് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ആയിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ വ്യക്തി പല ചടങ്ങുകള്‍ക്കും പിന്നീട് ക്ഷണിച്ചിട്ട് പോകാൻ വിസമ്മതം പ്രകടിപ്പിച്ചുവെന്നും ഇതിന്റെ പ്രതികാരമായി താൻ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മനപ്പൂർവ്വം വരാൻ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നാണ് നടിയുടെ പോസ്റ്റ്. പണത്തിന്റെ ധാർഷ്ട്യത്തില്‍ ഏത് സ്ത്രീയെയും ഒരാള്‍ക്ക് അപമാനിക്കാൻ കഴിയുമോയെന്നും ഹണി റോസ് ചോദിച്ചു.

സംഭവം മാധ്യമങ്ങളിലും വലിയ ചർച്ചയായതോടെയാണ് ഹണി റോസിനെതിരെ സൈബർ ആക്രമണവും തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *