വിവാഹ സംഘത്തിന് നേരെ പൊലീസ് ലാത്തി വീശി അക്രമം; എസ് പിയോട് റിപ്പോർട്ട് തേടി ഡി ഐ ജി

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചിരിക്കുന്നത്. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റിരിക്കുന്നത്. ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയത്. എന്നാൽ ആളുമാറി വിവാഹ സംഘത്തെ ആക്രമിച്ചെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറഞ്ഞു .
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചിരിക്കുന്നത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് പരാതി. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് സംഭവത്തിൽ പരിക്കേറ്റ സിതാര പറഞ്ഞു. ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിക്കുകയും . പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.