കവിത/ കുഞ്ഞുനാളില്‍
ഉപ്പുമാവും പാലിനും വേണ്ടി –
യാണല്ലോയെന്നും
പള്ളിക്കൂടത്തില്‍ ഞങ്ങള്‍
പലരും പോയതന്ന്
ഒത്തിരി ദൂരംപോണം എങ്കിലും –
പോയാലെന്ത്
ഇത്തിരിയാണെങ്കിലും
കിട്ടുമുപ്പുമാവും പാലും
പട്ടിണിയാണു നിത്യം
പശിയൊന്നകറ്റുവാന്‍
വഴിയന്നതേയുള്ളു സ്‌കൂളിലെ –
ന്നും ചെല്ലുക.
ഒഴിവു ദിനങ്ങളില്‍
ഒഴിയാബാധ പോലെ
വിശപ്പ് വയറിനെ വരിഞ്ഞു
മുറുക്കീടും
പെരുച്ചാഴിയെപ്പോലെ
കപ്പമാന്തി തിന്നണം
മാന്തോട്ടം തിരഞ്ഞു പോയ്
മാങ്ങയെറിഞ്ഞിടണം
ചക്കയുള്ള പ്ലാവിന്റെ കൊമ്പത്തു
കയറണം
കാട്ടുപഴങ്ങള്‍ തേടി കാടുകളേറി –
ടണം
ഇന്നു പളളിക്കൂടത്തില്‍
മൃഷ്ട ഭോജനമല്ലോ
മുട്ടയും, പാലും, ചോറും, ബിരിയാണി
കുട്ടികള്‍ക്കെന്നുമോണം
പുത്തന്‍പുതുമാറ്റം
കുഞ്ഞുനാളോര്‍ത്തിടുകില്‍
കരഞ്ഞു പോകുമെങ്കിലും
കുഞ്ഞുങ്ങളെയോര്‍ത്തിന്ന്
അഭിമാനിച്ചീടുന്നു.
………………………………….
രാജു കാഞ്ഞിരങ്ങാട്