പോക്സോ കേസ് പ്രതി മുഖ്യാതിഥി; സ്കൂൾ ഹെഡ്മാസ്റ്റർക്ക് പങ്കെന്ന് വിദ്യാഭാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സംഭവത്തിൽ ഫോര്‍ട്ട് ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മുകേഷ് എം നായറെ സ്പോണ്‍സറാകാം ക്ഷണിച്ചതെന്നും ഇക്കാര്യത്തിൽ നേരിട്ട് ഹെഡ്മാസ്റ്റര്‍ക്ക് പങ്കില്ലായിരിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറൽ ഓഫ് എജ്യുക്കേഷന് കൈമാറി. എന്നാൽ, റിപ്പോര്‍ട്ട് കൂടുതൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഡിജിഇ എസ് ഷാനവാസ് തിരികെ നൽകുകയും ചെയ്തു. നടപടിക്കുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തണമെന്ന് ഡിജിഇ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയോടെ പുതുക്കിയ റിപ്പോര്‍ട്ട് ഡിഡി ശ്രീജ ഗോപിനാഥ് കൈമാറും.