സ്ത്രീയും പുരുഷനും തുല്യരല്ല ; വിവാദ പരാമർശവുമായി പിഎംഎ സലാം

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമർശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ലീഗ് നേതാവിൻ്റെ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
ഇക്കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജൻഡർ ഈക്വാളിറ്റിയല്ല ജൻഡർ ജസ്റ്റീസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ? ബസ്സിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം പരാമർശിച്ചു.