പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്റ് അലോട്‌മെന്റ് ഇന്ന്
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ സ്‌കൂളില്‍ ചേരാം. തുടര്‍ന്ന് ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. രണ്ടാം സപ്ലമെന്ററി അലോട്‌മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റാണ് സ്‌കൂള്‍ മാറ്റത്തിന് പരിഗണിക്കുക. 12,041 പേരാണ് രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റില്‍ അപേക്ഷിച്ചിരിക്കുന്നത്. മെറിറ്റില്‍ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത്.
ആദ്യഘട്ടത്തില്‍ ആവശ്യത്തിന് സീറ്റില്ലെന്ന ശക്തമായ പരാതി ഉയര്‍ന്ന മലപ്പുറം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപേക്ഷക്കാരെക്കാള്‍ കൂടുതല്‍ സീറ്റുകളുണ്ട്. 6,528 അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ 8,604 സീറ്റുകളുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആകെ രണ്ട് അപേക്ഷകര്‍ മാത്രമാണുള്ളത്. അവിടെ 2,767 സീറ്റാണ് ബാക്കി. മറ്റു ജില്ലകളിലും അവസ്ഥ സമാനമാണ്.