സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി.
സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്.
മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2ന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ നേടാം. ഇതിനോടൊപ്പം സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.
മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.