‘പിണറായി ദ ലജന്‍ഡ്’ ഡോക്യുമെന്ററി ടീസര്‍ പുറത്തിറക്കി

തിരുവനന്തപുരം:’പിണറായി – ദ ലെജന്‍ഡ്’എന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി. ഇടത് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ട ടീസര്‍ ‘തുടരും മൂന്നാമതും പിണറായി’ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. ആദ്യമായാണ് ഒരു സര്‍വീസ് സംഘടന മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. നേമം സ്വദേശി അല്‍ത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.
15 ലക്ഷം രൂപയാണ് ഡോക്യുമെന്ററിയുടെ ചെലവെന്നാണ് വിവരം. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. നേതാവിന്റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്നതാണ് പ്രമേയം. നേരത്തെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പുറത്തിറക്കിയ ‘ചെമ്പടയുടെ കാവലാള്‍’ എന്ന പിണറായി വാഴ്ത്തുപാട്ട് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്യുമെന്ററി പ്രകാശനത്തിനൊരുങ്ങുന്നത്.
പിണറായി പാര്‍ട്ടി സെക്രട്ടറിയായത് മുതലുള്ള വിശേഷങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും ഡോക്യുമെന്ററിക്ക് വേണ്ടി പിണറായി പുതുതായി ഒന്നും സംസാരിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററി വിവാദമാക്കുന്നതിന് പിറകില്‍ സെക്രട്ടറിയേറ്റിലെ സംഘടനാ ശത്രുക്കളാണെന്നും നേതാക്കള്‍ പറയുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്‌ളോയീസ് അസോസിയേഷന്റെ ഡോക്യുമെന്ററി.