പന്നിക്കെണി : നിലമ്പൂരിൽ യു ഡി എഫ് – എൽ ഡി എഫ് നേർക്കു നേർ

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേന്ദ്രീകരിച്ച് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നു. പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന വനംമന്ത്രിയുടെ ആരോപണത്തിൽ വിവാദം തുടരുന്നതിനിടെയാണ് സംഭവം. കൂടാതെ പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും മരിച്ച അനന്തുവിന്‍റെ വീട് ഇന്ന് സന്ദർശിക്കും. വന്യമൃഗ ആക്രമണവും, വൈദ്യുതി കെണിയിൽ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി എടുത്തില്ലെന്ന ആരോപണവും ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. അതുപോലെ ഇന്ന് വഴിക്കടവ് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധവും യു ഡി എഫ് സംഘടിപ്പിക്കും. കൂടാതെ അനന്തുവിന്‍റെ മരണത്തിൽ ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്.
കെ.സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും. വനം മന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് നിലമ്പൂരിൽ എത്തും . അനന്തുവിന്‍റെ വീട് സന്ദർശിക്കാനും സാധ്യത ഉണ്ട്. ഇതിനിടെ കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ഇന്ന് മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.