പെരിയ കൂട്ടക്കൊല: പ്രതികൾ പുറത്തിറങ്ങി
കാസർകോട്: പെരിയ ഇരട്ടക്കൊല കേസ്. ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കൾ ഇന്ന് പുറത്തിറങ്ങി. ഒപ്പം പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തിചേർന്നു . കാസർകോട് നിന്നുള്ള കൂടുതൽ നേതാക്കളും പ്രവർത്തകരും ജയിലിലെത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
എന്നാൽ സിപിഎം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു. ഗൂഢാലോചന നടത്തിയെന്ന് സിബിഐ കോടതിയാണ് പറഞ്ഞത്. അതിന് തെളിവൊന്നുമില്ല. നിലവിൽ ഇവർ ജാമ്യത്തിലാണ്.എന്നാൽ അപ്പീൽ കോടതിയിൽ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും എംവി ബാലകൃഷ്ണൻ വ്യക്തമാക്കി. പ്രതികൾക്ക് സ്വീകരണമൊരുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. കൂടാതെ പാർട്ടിയിൽ നിന്ന് തന്നെ ഇതിൽ എതിർപ്പുണ്ട്. ശിക്ഷ അന്തിമമല്ലെന്നും, തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും കണ്ടാണ് പിൻമാറിയത്. നേരത്തെ, ജയിലിലേക്ക് എത്തിക്കുമ്പോൾ പാർട്ടി പ്രവർത്തരുൾപ്പെടെ മുദ്രാവാക്യം വിളിച്ചാണ് വന്നത്. പി ജയരാജനും എത്തിയിരുന്നു. കൂടാതെ പികെ ശ്രീമതി ടീച്ചറും പിപി ദിവ്യയും ഇന്നലെ ജയിലിലെത്തിയിരുന്നു.
അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. 5 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് സിബിഐ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതാണ് ഇവർക്കെതിരെയുള്ള കുറ്റം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. എന്നാൽ ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.