കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ . ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു . 48 മണിക്കൂർ നിരീക്ഷണമാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. കൂടാതെ അടുത്ത ദിവസം പി സി ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകും.
ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോർജ് ഇന്നലെ പൊലീസ് കസ്റ്റഡിയിലായിരുന്നു . രാവിലെ 10.50ന് പി.സി ജോർജിന്റെ മരുമകൾ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി.ഒപ്പം കോടതി കയറുന്നതിന് തൊട്ടു മുൻപ് പ്രവർത്തകർക്കിടയിലൂടെ പി സി ജോർജും ഇവിടേക്ക് എത്തി .
പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാൽ കോടതി മുൻകാല വിദ്വേഷ പരാമർശങ്ങൾ കൂടി കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് 6 മണി വരെ പി സി ജോർജിനെ ഈരാറ്റുപേട്ട പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ നിന്ന് വൈദ്യപരിശോധനക്ക് ഇറങ്ങിയ പി സി ജോർജ് മാധ്യമങ്ങളോട് ക്ഷുഭിതനാവുകയും. വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് പിസിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പിസി ജോർജിനെ ചോദ്യം ചെയ്യുകയും ചെയ്തു.