ഇടുക്കി: പരുന്തുംപാറയിൽ വൻകിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ നടപടി. സംഭവത്തിൽ കേസെടുത്ത് പൊലീസ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച് നിർമാണം നടത്തിയതിനാണ് സജിത് ജോസഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി പീരുമേട് ലാന്റ് റവന്യൂ തഹസിൽദാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. കയ്യേറ്റ ഭൂമിയിലെ കുരിശ് ഇന്നലെ റവന്യൂ ഉദ്യോഗസ്ഥ സംഘം പൊളിച്ചു മാറ്റിയിരുന്നു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും റവന്യൂമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശ് നിർമിച്ചത്. അന്ന് പണികൾക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകുകയും ചെയ്തു. പിന്നീട് കുരിശ് പൊളിച്ചു മാറ്റുകയായിരുന്നു
അതേസമയം പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് സർവേ വകുപ്പ് ഡിജിറ്റൽ സർവേ ഇന്ന് തുടങ്ങും. മഞ്ജുമല, പീരുമേട് എന്നീ വില്ലേജുകളിലാണ് സർവേ നടക്കുക. മേഖലയിലെ സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ കളക്ടർ നിയോഗിച്ച 15 അംഗ സംഘം രേഖകളുടെ പരിശോധനയും തുടങ്ങും. കയ്യേറ്റ ഭൂമിയെന്ന് കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സർവേ നമ്പർ 441ലെയും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലെയും രേഖകൾ വിശദമായി പരിശോധിക്കും. മേഖലയിൽ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും.