പാക്കിസ്ഥാൻ ട്രെയിൻ റാഞ്ചൽ : ബന്ദികളെ മോചിപ്പിച്ച് തുടങ്ങി

ക്വറ്റ: പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിന്‍ ആക്രമിച്ച സംഭവം. ബന്ദികളാക്കിയവരില്‍ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു. നൂറിലേറെ പേര്‍ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ . 30 പാക് സൈനികരും 16 ബലൂച് ലിബറേഷന്‍ ആര്‍മി അംഗങ്ങളും കൊല്ലപ്പെട്ടതായാണ് വിവരമുണ്ട്.
തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിച്ചു.