പാക്കിസ്ഥാന്‍ പാഠം പഠിച്ചില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാര്‍ഗില്‍ യുദ്ധ സ്മാരകമായ ദ്രാസില്‍ മോദി ആദരം അര്‍പ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ അനശ്വരമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ‘ലഡാക്കിലെ ഈ മഹത്തായ ഭൂമി ഇന്ന് കാര്‍ഗില്‍ വിജയ് ദിവസിന്റെ 25-ാം വാര്‍ഷികത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ അനശ്വരമാണെന്ന് കാര്‍ഗില്‍ വിജയ് ദിവസ് നമ്മോട് പറയുന്നു’ മോദി വ്യക്തമാക്കി. പാക്കിസ്ഥാന്‍ ചരിത്രത്തില്‍ നിന്ന് ഇതുവരെ ഒന്നും പഠിച്ചിട്ടില്ലെന്നും ഭീകരവാദം കൊണ്ട് ഒരിക്കലും ജയിക്കാന്‍ കഴിയില്ലെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ എല്ലാ ഹീനമായ ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാല്‍ പാകിസ്ഥാന്‍ ചരിത്രത്തില്‍ നിന്ന് ഇതുവരെ ഒന്നും പഠിച്ചിട്ടില്ല. തീവ്രവാദത്തിന്റെയും ഒളി യുദ്ധത്തിന്റെയും സഹായത്തോടെ അവര്‍ അത് പ്രസക്തമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.