നിപ പ്രതിരോധം: ആനക്കയത്ത് ഇന്ന് സര്‍വ്വേ ആരംഭിക്കും
മഞ്ചേരി: ജില്ലയില്‍ നിപ ബാധിച്ച് 14കാരന്‍ മരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആനക്കയം ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി ഞായറാഴ്ച രാവിലെ 10ന് പഞ്ചായത്ത് തല കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആനക്കയം പഞ്ചായത്തിലെ സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. വിദ്യാര്‍ഥിയുടെ ക്ലാസിലുള്ള 52 കുട്ടികള്‍, അവരുടെ കുടുംബാംഗങ്ങള്‍, അധ്യാപകര്‍, കുട്ടി സഞ്ചരിച്ച ബസിലെ ഡ്രൈവര്‍, സുഹൃത്തുക്കള്‍ എന്നിവരടക്കം പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള 123 പേരെയും അവരുമായി സെക്കന്‍ഡറി കോണ്‍ടാക്റ്റ് ഉള്ളവരെയും നിരീക്ഷണത്തില്‍ ഇരുത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പഞ്ചായത്തില്‍ തിങ്കളാഴ്ച മുതല്‍ വീടുവീടാന്തരം സര്‍വേ ആരംഭിക്കും. 23 വാര്‍ഡുകളിലായി 16,248 വീടുകളാണ് ഉള്ളത്. ആറ് ദിവസത്തിനകം സര്‍വേ പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.
പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരെ ഉപയോഗിച്ചാണ് സര്‍വേ നടത്തുക. നിപ ലക്ഷണമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ചോദ്യാവലിയും സര്‍വേയിലുണ്ട്. സ്‌കൂളിന്റെ പരിസരം കേന്ദ്രീകരിച്ച് പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍ കൂടുതലുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള മോണിറ്ററിങ് ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബത്തിന് മാനസികമായും മറ്റും പിന്തുണ നല്‍കുന്നതിനും ആവശ്യമാണെങ്കില്‍ ഭക്ഷണം തുടങ്ങിയവ എത്തിക്കാനും യോഗം തീരുമാനിച്ചു. പനി, ചുമ, ഛര്‍ദി, ശ്വാസ തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളോടു കൂടിയ വ്യക്തികളെ കലക്ടറേറ്റിലെ കോള്‍ സെന്ററില്‍ വിളിച്ച ശേഷം അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാത്രം ആശുപത്രിയിലേക്ക് മാറ്റണമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും കോഓഡിനേഷന്‍ ടീം രൂപവത്കരിക്കാനും തീരുമാനിച്ചു.