നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 232384 ആണ്. അതിൽ 113486 പുരുഷ വോട്ടർമാരും 118889 സ്ത്രീ വോട്ടർമാരും ഒമ്പത് ട്രാൻസ്ജെൻഡേഴ്സും ആണ് ഉള്ളത്.
അതുപോലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും എളുപ്പത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉണ്ട് . അതുപോലെ ഫോട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം മുഴുവൻ പൂർത്തിയായി. ആകെ 6082 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതിൽ നിന്നും ഫീൽഡ് പരിശോധനകൾക്കു ശേഷം 2,210 പേരുകൾ നീക്കം ചെയ്യുകയും ചെയ്തു .
ജനപ്രാതിനിധ്യനിയമം 1950ലെ സെക്ഷൻ 24 പ്രകാരം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും ആവശ്യമെങ്കിൽ വോട്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും അപ്പീൽ നൽകാൻ കഴിയുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ വ്യക്തമാക്കി. അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എംപി സിന്ധു കൈമാറി.