വന്യമൃഗശല്യം: അടിയന്തിര ധനസഹായം നല്‍കണം- അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: മേപ്പാടി അരുണമലയില്‍ കാട്ടാനാക്രമണത്തില്‍ മരിച്ച മോഹന്റെ കുട്ടികള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി.

നിയോജകമണ്ഡലത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ അരുണമല. പ്രദേശത്ത് വസിക്കുന്ന കര്‍ഷകരും, തോട്ടം തൊഴിലാളികളും, ഗോത്രവര്‍ഗ വിഭാഗത്തിലുള്ളവരും വന്യമൃഗശല്യം മൂലം വളരെയധികം ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ജൂൺ 13-ന് കാട്ടാനയുടെ ഗുരുതര ആക്രമണത്തില്‍ മോഹനന്‍ (42 വയസ്)  ദാരുണമായി മരണപെട്ടിരുന്നു. സര്‍ക്കാര്‍ പതിച്ച് നല്‍കിയ സ്ഥലത്ത് കൃഷി ചെയ്താണ് മോഹനന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. മോഹനന്റെ ഭാര്യ നേരത്തെ മരിച്ചതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളുടെ ഏക ആശ്രയം മോഹനനായിരുന്നു. ഇദ്ദേഹത്തിന്റെ മരണം മൂലം കുട്ടികള്‍ അനാഥരായിരിക്കുകയാണ്. കുട്ടികള്‍ക്ക് മുന്നോട്ടുള്ള ജീവിതം വളരെ പ്രയാസമാണ്.

അനാഥരും, പ്രായപൂര്‍ത്തിയാകാത്തവരുമായ ഈ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതം ഉറപ്പ് വരുത്തുന്നതിനായി അടിയന്തിരമായി അഞ്ച് ലക്ഷം രൂപ വീതം ഫിക്‌സഡ് ഡെപ്പോസിറ്റായി അനുവദിക്കുകയും പ്രായപൂര്‍ത്തിയായതിന് ശേഷം ജോലി ഉറപ്പ് വരുത്തണമെന്നും എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.

മേപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ അടിക്കടി വന്യമൃഗാക്രമണങ്ങള്‍ ഉണ്ടാകുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന്‍ നഷ്ടപെടുകയും, പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ചികിത്സയും, മറ്റ് നഷ്ടപരിഹാരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്നലെയുണ്ടായ വന്യമൃഗാക്രമണത്തില്‍ പ്രദേശത്ത് ഒട്ടനവധി വീടുകള്‍ക്കും, കൃഷിയിടത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ നിയോജകമണ്ഡലത്തില്‍ 75 കി. മീറ്ററോളം ദൂരം വനത്തോട് ചേര്‍ന്ന പ്രദേശങ്ങളാണ്.

ഈ മേഖലകള്‍ ഫെന്‍സിംഗ് ചെയ്താല്‍ മാത്രമേ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിക്കുകയും അതില്‍ ആദ്യ ഗഡുവായി 30 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

ഈ പ്രവൃത്തിക്ക് പ്രത്യേക അനുമതി ലഭ്യമായാല്‍ പ്രവൃത്തി ആരംഭിക്കാം. നിരവധി തവണ ഈ കാര്യത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച് തന്നിട്ടില്ല. വന്യമൃഗശല്യം തടയുന്നതിനായി ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അടിയന്തിരമായി നേതൃത്വം കൊടുക്കുകയും, ഫെന്‍സിംഗ് നടത്തുന്നതിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുകയും ചെയ്യണം. ഈ കാര്യം ഉന്നയിച്ച് വനം വകുപ്പ് മന്ത്രിക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കുകയും, നിയമസഭയില്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടുള്ളതുമാണെന്ന് എം.എല്‍.എ പറഞ്ഞു.

കാട്ടാന ആക്രമണത്തില്‍ മരിച്ച മോഹനന്റെ മക്കള്‍ക്ക് നഷ്ടപരിഹാരവും, വാസയോഗ്യമായ വീടും, കുട്ടികളുടെ പഠനവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രായപൂര്‍ത്തിയായതിന് ശേഷം സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശത്ത് ഉണ്ടായ കൃഷി നാശത്തിനും, കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള വീടുകള്‍ക്ക് അടിയന്തര സഹായം അനുവദിക്കുന്നതിനോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ ഫെന്‍സിംഗ്, ട്രഞ്ചിംഗ്, സുരക്ഷാഭിത്തികള്‍ എന്നിവ നിര്‍മ്മിച്ച് ജനങ്ങളുടെയും, കര്‍ഷകരുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.