പാൽ വില വർദ്ധിപ്പിക്കില്ല; ഉല്പാദന ചിലവ് കുറക്കും- മന്ത്രി ജെ. ചിഞ്ചു റാണി

കൽപ്പറ്റ: ക്ഷീര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തെനേരി ക്ഷീര സംഘത്തിൽ സൗരോർജ്ജ പ്ലാൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

വളർത്തു മൃഗങ്ങളിലെ അസുഖങ്ങൾ പ്രതിരോധിക്കാൻ പരമാവധി ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുത്തണം. പാലുൽപ്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് എത്താൻ ചെറിയ ദൂരം മാത്രമെ ഇനിയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. 

സബ്സിഡി നിരക്കിൽ കലി തീറ്റ വിതരണം ആരംഭിച്ചിട്ടുണ്ട്. പാലിൻ്റെ വില വർദ്ധിപ്പിക്കില്ല - ഉല്പാദന ചിലവ് കുറക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രിപറഞ്ഞു.

ദേശീയ ക്ഷീര വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ മില്‍മ മുഖേന 8.5 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് തെനേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ചത്. 13 കിലോ വാട്സ് ഉത്പാദനശേഷിയുള്ള സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ .ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

ക്ഷീര സംഘം ഹാളിൽ നടന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണവും ക്ഷീര കാരുണ്യഹസ്തം ധനസഹായ വിതരണവും മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വഹിച്ചു. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ , മലബാര്‍ മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി .മുരളി , തെനേരി ക്ഷീര സംഘം പ്രസിഡണ്ട് പി.ടി ഗോപാലകുറുപ്പ് , ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, തെനേരി ക്ഷീര സംഘം സെക്രട്ടറി കെ .ജി .എല്‍ദോ, വിജയൻ ചെറുകര, തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് ബാധിത ക്ഷീര കർഷകർക്കുള്ള മിൽമ കിറ്റ് വിതരണവും നടത്തി. കൂടുതൽ പാൽ അളന്ന ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.