വടകരയിൽ പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

വടകര: തിരുവള്ളൂരിലെ പെട്രോള്‍ പമ്പിന് മുന്‍പിലെ ബോര്‍ഡില്‍ കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന സംഘം അപകടം നടന്ന പെട്രോള്‍ പമ്പിലും ആയഞ്ചേരി, കല്ലേരി തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി.

തീപ്പിടിത്തമുണ്ടായ തിരുവള്ളൂരിലെ പെട്രോള്‍ പമ്പില്‍ ആവശ്യമായ ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പരിശോധന സമയം പെട്രോള്‍ പമ്പില്‍ ലൈസന്‍സിയോ മറ്റു ഉത്തരവാദപ്പെട്ട ആളുകളോ ഇല്ലായിരുന്നു. എക്സ്പ്ലോസീവ് ലൈസന്‍സ്, ഡീലര്‍ ലൈസന്‍സ് എന്നിവ ഹാജരാക്കാനായി അറിയിച്ചു. ആവശ്യത്തിന് ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍, മണല്‍ നിറച്ച തൊട്ടികള്‍ എന്നിവ പമ്പില്‍ സ്ഥാപിക്കാനും അപകട സമയത്ത് ആവശ്യമായ സുരക്ഷ ഒരുക്കാനായി ജീവനക്കാര്‍ക്ക് അറിവ് നല്‍കാനും നിര്‍ദ്ദേശിച്ചു.

ആയഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സി.സി പെട്രോള്‍ പമ്പില്‍ നടത്തിയ പരിശോധനയില്‍ ആവശ്യത്തിന് ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഉണ്ടെങ്കിലും അവ ഡിസ്‌പെന്‍സിങ് സ്റ്റേഷന് അടുത്ത് വയ്ക്കാതെ ഓഫീസിനുള്ളില്‍ സൂക്ഷിച്ചതായി കണ്ടെത്തി. ജീവനക്കാര്‍ക്ക് ഇവ ഉപയോഗിക്കാന്‍ അറിയില്ലെന്നും കണ്ടെത്തി.

കല്ലേരിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലും ഫയര്‍ എക്സ്റ്റിന്‍ങ്യുഷര്‍ ഡിസ്പന്‍സിങ് സ്റ്റേഷന് സമീപം സൂക്ഷിക്കാനായി നിര്‍ദേശം നല്‍കി.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍.ടി.സി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നിജിന്‍ടി.വി, ശ്രീധരന്‍ കെ.കെ, വിജിഷ് ടി.എം, ജീവനക്കാരനായ ശ്രീജിത് കുമാര്‍ കെ.പി. എന്നിവര്‍ പങ്കെടുത്തു.