നഷ്ടപരിഹാരം ലഭിക്കാത്ത വേദനയുമായി പുറത്തേ പറമ്പത്ത് സുകുമാരൻ യാത്രയായി

വടകര: നഷ്ടപരിഹാരം ലഭിക്കാത്ത വേദനയുമായി കെ.ടി ബസാറിലെ വ്യാപാരി രയരങ്ങോത്ത് പുറത്തേ പറമ്പത്ത് സുകുമാരൻ യാത്രയായി.

തൻ്റെ പിതാവിൽ നിന്നും കട ഏറ്റെടുത്ത് കഴിഞ്ഞ 30 വർഷക്കാലമായി ദേശീയപാതയിൽ കെ.ടി ബസാറിൽ കച്ചവടം നടത്തി വരികയായിരുന്നു. പാത വികസനത്തിനായി സ്ഥാപനം പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ നിയമപരമായ നഷ്ടപരിഹാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇക്കാരണത്താൽ അദ്ദേഹത്തിന് മാനസികമായി ഏറെ പ്രയാസം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.

കടുത്ത സമ്മർദ്ദം മൂലം മസ്‌തിഷ്‌കഘാതത്തെ തുടർന്ന് കോഴിക്കോട് സ്വാകാര്യ ആശുപത്രിയിൽ നിന്നാണ് മരണം നടന്നതെന്ന് വ്യപാരിവ്യവസായി ഏകോപന സമിതിയും കർമ്മ സമിതിയും പറഞ്ഞു.

നഷ്ടപരിഹാരം ലഭിക്കാതെ മരണമടയേണ്ടി വന്നത് അധികൃതരുടെ നിരുത്തരവാദപരമായ നയത്തിൻ്റെ ഇരയാണ് പറമ്പത്ത് സുകുമാരനെന്ന് കർമ്മ സമിതി ജില്ലാ നേതാക്കളായ എ ടി മഹേഷ്, പ്രദീപ് ചോമ്പാല, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്‌ദുൾ സലാം എന്നിവർ ആരോപിച്ചു.

ചിത്രം: സുകുമാരൻ.