വി-ഗാര്‍ഡ് അറ്റാദായത്തില്‍ 31 ശതമാനം വര്‍ധന

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 89.58 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 68.39 കോടി രൂപയായിരുന്നു. 31 ശതമാനമാണ് വര്‍ധന.

നാലാം പാദത്തില്‍ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 10,58.21 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 855.20 കോടി രൂപയില്‍ നിന്നും 23.7 ശതമാനം വളര്‍ച്ച നേടി. കണ്‍സ്യൂമര്‍ ഉപകരണങ്ങളുടേയും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടേയും വില്‍പ്പനയില്‍ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്.

2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 228.44 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 201.89 കോടി രൂപയില്‍ നിന്നും 13.15 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 3,498.17 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 2,721.24 കോടി രൂപയില്‍ നിന്ന് 28.55 ശതമാനം വര്‍ധന രേഖപ്പെടുത്തി.

നാലാം പാദത്തില്‍ ബിസിനസ് നല്ല പ്രകടനമാണ് കാഴ്ചവച്ചത്. കോവിഡ് മൂലം വിതരണ ശൃംഖലയില്‍ നേരിട്ട വെല്ലുവിളികളെ മറിക്കടക്കാന്‍ കഴിഞ്ഞതായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. വേനല്‍ക്കാല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മാര്‍ച്ചോടെ കൂടുതല്‍ മെച്ചപ്പെട്ടു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ചരക്കു വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഏതാനും വില നിര്‍ണയ നടപടികള്‍ കൂടി വരും മാസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.