ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

മഞ്ചേരി: പന്തല്‍ അലങ്കാര ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ തൊഴിലുടമകളുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്റെ ജില്ലയിലെ 42 യൂണിറ്റുകളിലെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മഞ്ചേരിയില്‍ നടന്ന മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് പി. ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സലീം അപ്‌സര അധ്യക്ഷത വഹിച്ചു. അന്‍സാര്‍ ഇ പി സ്വാഗതവും ഇക്ബാല്‍ സെഞ്ചുറി നന്ദിയും പറഞ്ഞു.

കോവിഡ്മൂലം നാശ നഷ്ടം സംഭവിച്ച സ്ഥാപനം പുനരുദ്ധരിക്കുന്നതിനു വേണ്ടി നാല് ശതമാനം പലിശയില്‍ 10 ലക്ഷം രൂപ വായ്പ അനുവദിക്കണമെന്നും, മേഖലയില്‍ കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത അംഗങ്ങളുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും സര്‍ക്കാറിനോട് യോഗം ആവശ്യപ്പെട്ടു. പഠന ക്ലാസ്, ചര്‍ച്ചാവേദിഎന്നിവയും ഇതോടൊപ്പം നടന്നു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഫെബ്രുവരി 17 വരെ നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ശേഷം ഭാവിയിലേക്കുള്ള പ്രവര്‍ത്തന രൂപ രേഖ തയ്യാറാക്കും.