ബി-സെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അർബൻ ക്രൂയ്സർ ഹൈറൈഡർ

ന്യൂഡൽഹി: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അർബൻ ക്രൂയ്സർ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷൻ പദ്ധതികളുടെ ഭാഗമായാണ്‌ ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബൽ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെർഫോമൻസും ഹൈറൈഡർ വാഗ്ദാനം ചെയ്യുന്നു. 

മികച്ച ആക്സിലറേഷനും പെർഫോമൻസും ഉറപ്പാക്കുന്ന പവർട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്ഫോമുമാണ്‌ ഹൈറൈഡറിനുള്ളത്. ഒപ്പം ഉയർന്ന മൈലേജും കുറഞ്ഞ എമിഷനും.  

തനിയെ ചാർജ് ആവുന്നതരം സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനാണ്‌ വാഹനത്തിന്റേത്. ഹൈബ്രിഡായും പൂർണ്ണമായും ഇലക്ട്രിക്കായും ഓടാൻ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാൻസ്മിഷനും 2 വീൽ ഡ്രൈവ് ലേയൗട്ടുമാണ്‌ ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എൻജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക. ടൊയോട്ടയുടെ ചില ഗ്ലോബൽ മോഡലുകളെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ്‌ ഹൈറൈഡറിന്റേത്. എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പ്, ഇരട്ട എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, സ്പോർട്ടിയായ പിൻ സ്കിഡ് പ്ലേറ്റ്, ട്രപ്പിസോയ്ഡൽ ഗ്രിൽ, ക്രിസ്റ്റൽ അക്രിലിക്ക്/ ക്രോം ഫിനിഷുകളുള്ള മുൻ ഗ്രിൽ, ഡ്യുവൽ ടോൺ പെയിന്റ്, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ്‌ പ്രധാന പ്രത്യേകതകൾ. 7 മോണോടോണും 4 ഡ്യുവൽ ടോണുമടക്കം 11 നിറങ്ങളിൽ വാഹനം ലഭ്യമാവും. 

ഇതിനു പുറമെ ഒരു 1.5ലിറ്റർ കെ സീരീസ് പെട്രോൾ എൻജിൻ അടിസ്ഥാനമാക്കിയുള്ള മൈൽഡ് ഹൈബ്രിഡ് പവർട്രെയിനും (നിയോ ഡ്രൈവ് വേരിയന്റുകൾ)  ലഭ്യമാണ്‌. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാൻസ്മിഷനുകളാണ്‌ 1.5 എൻജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടൺ മീറ്ററുമാണ്‌ ഇവയുടെ ഔട്ട്പുട്ട്. ഈ വിഭാഗത്തിൽ ആദ്യമായി 4 വീൽ ഡ്രൈവും ഇവയിൽ ലഭ്യമാവും.

ബ്ലാക്ക്-ബ്രൗൺ നിറങ്ങൾ ഇടകലർന്ന ഡ്യുവൽ ടോൺ കളർ സ്കീമാണ്‌ ഹൈബ്രിഡിന്റെ ക്യാബിനിൽ. നിയോ ഡ്രൈവ് വേരിയന്റുകൾക്ക് ഓൾ-ബ്ലാക്ക് ക്യാബിനാണ്‌.  9 ഇഞ്ച് സ്മാർട്ട് പ്ലേ കാസ്റ്റ് ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം, ഡ്രൈവ് മോഡ് സെലക്ഷൻ, വയർലെസ് ചാർജർ, 360 ഡിഗ്രീ ക്യാമറ, പാനോരമിക് സണ്രൂഫ്, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ്പ് ഡിസ്പ്ലേ, ക്രൂയ്സ് കൺട്രോൾ,ഡോർ സ്പോട്ട്+ ഐപി ലൈൻ, ഗൂഗിൾ- സിരി വോയ്സ് അസിസ്റ്റന്റുകൾ, റിക്ലൈൻ ചെയ്യാവുന്ന പിൻ സീറ്റുകൾ, പിൻ എസി വെന്റുകൾ,60:40 സ്പ്ലിറ്റ് പിൻ സീറ്റ് എന്നീ ഫീച്ചറുകളുണ്ട് ഹൈറൈഡറിൽ.

3 വർഷം അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറന്റിയാണ്‌ ഹൈറൈഡറിനു ടൊയോട്ട നല്കുന്നത്. കൂടാതെ 5 വർഷം/220,000 കിലോമീറ്റർ എക്സ്റ്റൻഡഡ് വാറന്റിയും, 3 വർഷത്തെ ഫ്രീ റോഡ്സൈഡ് അസിസ്റ്റൻസും, ആകർഷകമായ ഫിനാൻസ് സ്കീമുകളും ലഭ്യമാണ്‌. ഹൈബ്രിഡിന്റെ ബാറ്ററിക്കുമേൽ 8 വർഷം/160,000 കിലോമീറ്റർ വാറന്റിയാണുള്ളത്.