തോട്ടത്താംകണ്ടി പാലം പ്രവൃത്തിയ്ക്ക് തുടക്കം

പേരാമ്പ്ര: പേരാമ്പ്ര - നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കുറ്റ്യാടി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന തോട്ടത്താംകണ്ടി പാലം പ്രവൃത്തിയ്ക്ക് തുടക്കം.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

9.2 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലം പണി പൂർത്തിയാകുന്നതോടെ മരുതോങ്കര, മുള്ളൻകുന്ന്, വണ്ണാത്തിച്ചിറ, പശുക്കടവ് പ്രദേശത്തുള്ളവർക്ക് പേരാമ്പ്ര, കോഴിക്കോട് ഭാഗങ്ങളിലേക്ക് യാത്ര എളുപ്പമാകും.

കുറ്റ്യാടി വഴി പോകുന്നതിനേക്കാൾ 12 കിലോമീറ്റർ ദൂരം കുറയും. കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

ടി.പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.ബാബു, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി, സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ. മിനി തുടങ്ങിയവർ സംസാരിച്ചു.