പന്നിപ്പനി: ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കും

കോഴിക്കോട്: രാജ്യത്ത് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗോപകുമാർ അറിയിച്ചു.

ജില്ലയിലെ പന്നി വളർത്തൽ കേന്ദ്രങ്ങളിലെ പന്നികളിൽ രോഗലക്ഷണമോ അസ്വാഭാവിക മരണമോ റിപ്പോർട്ട് ചെയ്താൽ ഉടൻ പഞ്ചായത്തിലെ വെറ്ററിനറി സർജനെ അറിയിക്കണം. പന്നി കർഷകർക്ക് ആവശ്യമായ ജാഗ്രതാ നിർദേശങ്ങൾ നൽകാൻ ഓരോ പ്രദേശത്തെയും വെറ്ററിനറി സർജന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലപ്രദമായ വാക്‌സിനോ ചികിത്സയോ ഇല്ലാത്തതിനാൽ ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കണമെന്നും ഇതിന്റെ ഭാഗമായി ഫാമുകളിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും ഫാമുകൾ അണുവിമുക്തമാക്കണമെന്നും മൃഗസംരക്ഷണവകുപ്പ് നിർദേശം നൽകി.