മലപ്പുറം പെരുമക്ക് പ്രൗഢ ഗംഭീര സമാപനം

ദോഹ: ബഹുസ്വരതയുടെ എല്ലാ അടയാളങ്ങളെയും ഹൃദയത്തോട് ചേർത്ത് വെച്ച് അഭിമാനത്തോടെ ലോകത്തിന്റെ മുമ്പിൽ എഴുന്നേറ്റ് നിന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഐഡിയൽ ഇന്ത്യൽ സ്കൂളിൽ വെച്ചുനടന്ന മലപ്പുറം പെരുമ സീസൺ 4 സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണമാകുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ പ്രഭാഷകൻ പിഎംഎ ഗഫൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. വെറുപ്പ് ഉത്പാദിപ്പിക്കുന്ന സകലമാന വേദികളോടും വിട പറയാനുള്ള സന്ദേശമാണ് മലപ്പുറത്തിന്റെ ഇന്നലെകൾ പകർന്ന് നൽകുന്നത് എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

മലപ്പുറത്തിന്റെ ഇന്നലെകളിൽ അവശേഷിക്കപ്പെട്ട നന്മയുടെയും സ്നേഹ സൗഹൃദത്തിന്റെയും അടരുകൾ പുനരാവിഷ്‌ക്കരിക്കാൻ സാധിക്കുന്നതിലൂടെ ഇന്നിന്റെ പ്രതിസന്ധികളെ ആത്മവിശ്വാസത്തിലൂടെ അതിജീവിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. ചരിത്രമെന്നത് ഒരടഞ്ഞ പുസ്തകമല്ലെന്നും വീണ്ടും വീണ്ടും വായിക്കാനും ആവർത്തിക്കാനുമുള്ളതാണെന്ന് തിരിച്ചറിയണം. ഒരടി പിന്നിലേക്ക് പോയി ഇന്നലെകളിൽ നിലനിന്ന സഹവർത്തിത്വത്തിന്റെ ഒരായിരം പുതിയ വകഭേദങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവണം. അത്തരമൊരു ആലോചന പോലും മുന്നോട്ടുള്ള ഗമനത്തിന് ഊർജജവും കരുത്തും പകരും- അദ്ദേഹം പറഞ്ഞു.

മലപ്പുറം പെരുമയിൽ ഓവറോൾചാമ്പ്യന്മാരായ മണ്ഡലങ്ങൾക്ക് ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു. ഏറനാട് മണ്ഡലം ഒന്നാം സ്ഥാനവും, തിരൂർ-പെരിന്തൽമണ്ണ മണ്ഡലങ്ങൾ രണ്ടാം സ്ഥാനവും, കൊണ്ടോട്ടി-മങ്കട മണ്ഡലങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രസിഡണ്ട് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സംസ്ഥന പ്രസിഡണ്ട് എസ്‌.എ.എം. ബഷീർ ആശംസ അർപ്പിച്ചു. സീനിയർ കെഎംസിസി അംഗം അഹ്മദ് മൂസയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, സൈനുൽ ആബിദ് സഫാരി, അബ്ദുൽ നാസർ നാച്ചി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും ട്രഷറർ അലി മൊറയൂർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, സലാം വണ്ടൂർ, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലയിസ് കുനിയിൽ, അബ്ദുൽ മജീദ് പുറത്തൂർ, യൂനുസ് കടമ്പോട് തുടങ്ങിയ പെരുമ ഓർഗനൈസിംഗ് ടീം പരിപാടികൾക്ക് നേതൃത്വം നൽകി, മൂസ താനൂർ ഫിറോസ് പുളിക്കൽ പരിപാടി നിയന്ത്രിച്ചു.