പ്രവാചക നിന്ദ നടത്തിയവർ കലാപത്തിന്റെ കാരണക്കാർ- ഡോ. ഹുസൈൻ മടവൂർ

കുവൈറ്റ്‌ സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്ത ബി.ജെ.പി നേതാക്കളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്ന കലാപങ്ങൾക്ക് കാരണക്കാരെന്ന് കെ.എൻ.എം. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

ഔദ്യോഗിക സന്ദർശനാർത്ഥം കുവൈത്തിലെത്തിയ അദ്ദേഹം ഇന്ത്യൻ ഹുദാ സെൻറർ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു.

ഇന്ത്യയിലിപ്പോൾ വലിയ നിലക്കുള്ള സാമുദായിക സ്പർദ്ദയും ധ്രുവീകരണവും നടക്കുകയാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുകയും അവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണ്.എല്ലാ മതേതര പാർട്ടികളും എല്ലാ മതവിഭാഗങ്ങളും ഈ ക്രൂരതയെ അപലപിച്ചു കഴിഞ്ഞു.

നിയമജ്ഞന്മാരും മുൻ ന്യായാധിപരും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

യു.എൻ ഉൾപ്പെടെ നിരവധി ലോക വേദികൾ ഇക്കാര്യത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയതും കേന്ദ്ര സർക്കാർ മുഖവിലക്കെടുക്കുകയും കുറ്റവാളികൾക്ക് നിയമപരമായ ശിക്ഷ നൽകുകയും വേണം.

എന്ത് പ്രകോപനങ്ങളുണ്ടായാലും ഇതര മതസമൂഹങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ മുസ്ലിംകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വികാരപരമായല്ല, വിവേകത്തോട് കൂടിയാവണം നമ്മുടെ പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ അബ്ദുറഹിമാൻ അടക്കാനി ആദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ ഹമീദ് കൊടുവള്ളി, ജാസിർ പുത്തൂർ പള്ളിക്കൽ, വീരാൻ കുട്ടി സലാഹി തുടങ്ങിയവർ സംസാരിച്ചു.