പ്രോ ബാസ്‌ക്കറ്റ് ബോള്‍ ലീഗ് സീസണ്‍ 3; ഒരുക്കങ്ങൾ തുടങ്ങി

ന്യൂഡൽഹി: ഇന്ത്യയില്‍ 3 x 3 പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗ് സീസണ്‍ 3-നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതു സംബന്ധിച്ച കരാറില്‍, ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (ബിഎഫ്‌ഐ) പ്രോ ബാസ്‌ക്കറ്റ് ബോള്‍ ലീഗ് ഇന്ത്യന്‍ കോണ്ടിനെന്റും (3 ബിഎല്‍) ഒപ്പു വച്ചു.

റോഡ് ടു ഒളിമ്പിക്‌സ് എന്ന ടാഗ് ലൈനുള്ള ലീഗില്‍ ചാമ്പ്യന്‍ പട്ടത്തിനായി 18 ടീമുകള്‍ മാറ്റുരയ്ക്കും. 12 പുരുഷ ടീമുകളും 6 വനിതാ ടീമുകളും. 3 ബിഎല്‍; 2022 മാര്‍ച്ച് അഞ്ചു മുതല്‍ 27 വരെ തീയതികളില്‍ ചണ്ഡീഗഡിലാണ് നടക്കുക. വിജയികള്‍ ഒളിമ്പിക്‌സിലേയ്ക്ക് യോഗ്യത നേടും.

ഇതു സംബന്ധിച്ച കരാറില്‍ 3 ബില്‍ കമ്മീഷണര്‍ രോഹിത് ബക്ഷിയും ബിഎഫ്‌ഐ സെക്രട്ടറി ചന്ദര്‍ മുഖി ശര്‍മയും ഒപ്പുവച്ചു. അന്താരാഷ്ട്ര താരങ്ങളായ അംജ്യോത് സിങ്ങ്ഗില്‍, പാല്‍ പ്രീത് സിംഗ് ബ്രാര്‍, വനിതാതാരം രസ്പ്രീത് സിദു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളുടെ സമഗ്ര വളര്‍ച്ചയാണ് 3 x 3 പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ സാമ്പത്തികനേട്ടം തന്നെയാണ് പ്രധാനം. ഇന്ത്യന്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ സാന്നിധ്യം അറിയിക്കാനും ഇതു സഹായകമാകും.

ദേശീയ ടീമുകള്‍ക്ക് അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ 3 x 3 മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഒരു ഫീഡര്‍ സിസ്റ്റമായി ഇതു മാറും. 3 ബി എല്ലില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാര്‍ക്കും ഫിബയുടെ ഉയര്‍ന്ന റാങ്കിംഗ് പ്രതീക്ഷിക്കാം. ഇത് ഇന്ത്യയുടെ ഒളിമ്പിക്‌സ് യോഗ്യതാ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

മികച്ച റാങ്കുള്ള ടീമുകള്‍ക്ക് ഫിബ 3 x 3 അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഇന്ത്യയുടെ ദേശീയ ബാസ്‌ക്കറ്റ് ബോള്‍ കലണ്ടറിലെ ഒരു പ്രധാന ഇനമാണ് 3 ബിഎല്‍. ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു പുറമേ മുന്‍നിര ക്ലബ്ബ് ടീമുകള്‍ക്കുള്ള ഫെഡറേഷന്‍ കപ്പും ഉണ്ട്. ഇന്ത്യന്‍ കളിക്കാരുടെ കായിക ക്ഷമത നിലനിര്‍ത്തുകയാണ് ഇത്തരം മത്സരങ്ങളുടെ ലക്ഷ്യം.

ടി 20 ക്രിക്കറ്റിന് സമാനമാണ് 3 x 3 ബാസ്‌ക്കറ്റ് ബോള്‍. ലോകത്തിലെ അതിവേഗം വളരുന്ന ഈ കായിക വിനോദം സ്‌കൂളുകളിലും കോളജുകളിലുമൊക്കെ ഇപ്പോള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 3 x 3 പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗുകള്‍ നടത്താനുള്ള അവകാശം വൈ കെ ബികെ എന്റര്‍പ്രൈസസിനാണ്.

3 x 3 ബാസ്‌ക്കറ്റ് ബോള്‍ ലോകത്തിലെ അതിവേഗയേറിയതും ഹൃസ്വവുമായ മത്സരമാണ്. ഒരു വളയവും ഒരുപകുതി കോര്‍ട്ടും ആറു കളിക്കാരും മാത്രം മതി ഒരു ഗെയിമിന്. പത്തു മിനിറ്റാണ് കളിയുടെ ദൈര്‍ഘ്യം. 10 മിനിറ്റിനുള്ളില്‍ 21 പോയിന്റോ അല്ലെങ്കില്‍ ഉയര്‍ന്ന സ്‌കോറോ നേടുന്ന ടീം വിജയിക്കും. 2022 ബര്‍മിംഗ് ഹാം കോമണ്‍ വെല്‍ത്ത് ഗെയിംസ്, 2024 പാരീസ് ഒളിമ്പിക്‌സ് എന്നിവയില്‍ 3 x 3 ബാസ്‌ക്കറ്റ് ബോള്‍ മത്സര ഇനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.3x3bl.com