പോപുലര്‍ ഫ്രണ്ട് നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് യൂണിറ്റി ഹൗസില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത നായകര്‍ (The Unsung Heroes of Indian Freedom Struggle) എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ കമ്മിറ്റി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.  

രാവിലെ ഒമ്പതിന് യൂണിറ്റി ഹൗസിന് മുമ്പില്‍ ചെയര്‍മാന്‍ ഒ എം എ സലാം ദേശീയപതാക ഉയര്‍ത്തി. നമ്മുടെ പൂര്‍വികര്‍ ജീവനും രക്തവും നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഐതിഹാസിക ചരിത്രത്തെ അനുസ്മരിക്കലാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ ഉണ്ടാവേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മീഞ്ചന്ത ഐഒഎസ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അത് കേവലമൊരു ആചാരമായി മാത്രം നടത്തേണ്ട ചടങ്ങല്ല. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം പകര്‍ന്നുനല്‍കാന്‍ കഴിയണം. 

എന്നാലിന് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ വികലമാക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. സ്വാതന്ത്ര്യസമര പോരാളികളെ പോലും വിവേചനത്തിലൂടെ മനപൂര്‍വം വിസ്മരിക്കാനും ചരിത്രത്തില്‍ നിന്നും വെട്ടിമാറ്റാനും ഗൂഢനീക്കങ്ങള്‍ നടക്കുന്നു. വിത്യസ്തമായ വീക്ഷണങ്ങള്‍ ഉയര്‍ന്നുവരുന്നു. ഈ ഘട്ടത്തില്‍ നമുക്ക് നഷ്ടപ്പെട്ടുപോയ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ തിരിച്ചുപിടിക്കാന്‍ ജനം ഐക്യപ്പെടണം.

ഇന്ത്യ വളരുമ്പോഴും ഏതു പാതയിലൂടെയാണ് നമ്മുടെ രാജ്യം പോവുന്നതെന്ന് എന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ ഇന്ത്യാവിഭജനത്തെ അനുസ്മരിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഇന്ത്യയെ വിഭജിച്ചതിന് പിന്നില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയാണെന്ന് ആര്‍എസ്എസ് പറയുമ്പോള്‍, മുഹമ്മദാലി ജിന്നയും ജവഹര്‍ലാല്‍ നെഹ്‌റുവുമാണ് വിഭജനത്തിന് കരുക്കള്‍ നീക്കിയതെന്ന് ബിജെപിയും പറയുന്നു. അത് അപകടകരമാണ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്ന ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ സമൂഹം ബോധവാന്‍മാരാവണം. ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത നായകര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന സെക്രട്ടറി എസ് നിസാറിന് കോപ്പി കൈമാറി ചെയര്‍മാന്‍ ഒ എം എ സലാം നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി കെ അബ്ദുല്‍ ലത്തീഫ്, എസ് നിസാര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ സംസാരിച്ചു. 

ചിത്രം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം കേരളാ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ യൂണിറ്റി ഹൗസില്‍ ദേശീയപതാക ഉയര്‍ത്തുന്നു.