പൊലീസിന്റെ ഡ്രോൺ ഹാക്കത്തോണിൽ കോഴിക്കോടൻ കമ്പനി റണ്ണറപ്

കോഴിക്കോട്: കേരള പൊലീസ് സംഘടിപ്പിച്ച ഡ്രോൺ ഹാക്കത്തോണിൽ കോഴിക്കോട്ടുനിന്നുള്ള ടീം റണ്ണറപ്. സര്‍വൈലന്‍സ് ആൻഡ് ഡ്രോണ്‍ ഡവലപ്മെന്റ് വിഭാഗത്തിലാണ് കോഴിക്കോട് യു.എൽ. സൈബർപാർക്കിലെ ആക്‌ഷൻഫൈ ടെക്നോളജീസിന്റെ ‘ടീം എ‌എക്സ്‌എൽ ഡ്രോൺ’ മികച്ച വിജയം നേടിയത്.

മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി ആന്‍റണി രാജുവിൽ നിന്ന് ടീം എ‌എക്സ്‌എൽ സമ്മാനം ഏറ്റുവാങ്ങി.

വിദൂരസ്ഥലങ്ങളില്‍­നിന്ന് ഓണ്‍ലൈനായി കുറ്റകൃത്യം നടത്തുന്നവരെ പിടികൂടാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള അന്വേഷണങ്ങളുടേ ഭാഗമായിരുന്നു ഡ്രോൺ ഹാക്കത്തോൺ. അഞ്ചു വിഭാഗങ്ങളിലായി നടത്തിയ ഹാക്കത്തോണില്‍ 43 ടീമുകള്‍ മത്സരിച്ചു.

ഡ്രോണുകൾ ഉപയോഗിച്ച് നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷാസങ്കേതം വികസിപ്പിക്കാൻ 2019-ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് എ.എക്സ്.എൽ ഡ്രോൺ പ്രൈവറ്റ് ലിമിറ്റഡ്. ഡ്രോണുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ഘടകങ്ങളുടെ 80 ശതമാനവും ഇന്ത്യയിലെ അവരുടെ ഇൻ-ഹൗസ് ഇന്നൊവേഷൻ, ഡെവലപ്‌മെന്റ് ലാബുകൾ എന്നിവവഴി പ്രാദേശികമായി വികസിപ്പിച്ചെടുത്തവയാണ്.

അനില്‍കുമാര്‍.കെ.വി, ഡോ. പ്രിയ.പി.സാജന്‍, വിഷ്ണു.എസ്, ബിജുമോന്‍ ഇ.എസ്, വിഷ്ണു വി. നാഥ്, അനി സാം വര്‍ഗീസ്, നിബിന്‍ പീറ്റര്‍, റീജ റഹീം, സുനില്‍ പോള്‍, സുനില്‍കുമാര്‍.എ.യു, അഖില്‍ പുതുശ്ശേരി, ജോജി ജോണ്‍ വര്‍ഗീസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം, ഐ.ജി ഹർഷിത അത്തല്ലൂരി, ഡി.ഐ.ജിയും സൈബര്‍ഡോം ഡെപ്യൂട്ടി നോഡല്‍ ഓഫീസറുമായ പി.പ്രകാശ്, എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ്, ഡ്രോണ്‍ ഹാക്കത്തോണില്‍ പങ്കെടുത്തവര്‍, സാങ്കേതികവിദഗ്ധര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധതരം ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും സംഘടിപ്പിച്ചിരുന്നു.