സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

പയ്യോളി: പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനസ്സുകളുടെയും സഹായത്തോടെ നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

ജനമൈത്രി പോലീസ് എന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് പയ്യോളി പോലീസ് പ്രവര്‍ത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. നല്ല നിലയില്‍ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമാണ് ഇതിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പോലീസുകാരെയും പൊതുജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.  

തുറയൂരിലെ കിഴക്കാനത്ത് മുകളില്‍ ഫാത്തിമ, രാധ എന്നിവര്‍ക്കാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ രണ്ട് സ്‌നേഹവീടുകള്‍ ഒരുക്കിയത്. 14 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീടിന്റെ പ്രവൃത്തിപൂര്‍ത്തീകരിച്ചത്. പോലീസിനൊപ്പം പൊതുജനങ്ങളുടെ സാമ്പത്തികവും ശാരിരിക അധ്വാനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു.

ബി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വപ്ന വീടിന്റെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ്, ഇന്‍സ്‌പെക്ട,ര്‍ കെ.സി സുഭാഷ് ബാബു, ജനമൈത്രി പ്രോജക്ട് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എം.നാസര്‍, പോലീസ് സംഘടനാ പ്രതിനിധികളായ സി.കെ സുജിത്ത്, പി.ടി.സജിത്ത്, കെ.കെ ഗിരീഷ്, തെനങ്കാലില്‍ ഇസ്മയില്‍, എ.കെ അബ്ദുറഹിമാന്‍, എം.പി ഷിബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.സുനില്‍, ബിടിഎം ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.കെ സുചിത്ര, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്തംഗം കെ.എം രാമകൃഷ്ണന്‍ സ്വാഗതവും പയ്യോളി ജനമൈത്രി പോലീസ് ഓഫീസര്‍ വി.ജിജോ നന്ദിയും പറഞ്ഞു.