ഒമിക്രോണ്‍: ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

ആലപ്പുഴ: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 

ഒമിക്രോണുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിദേശത്തുനിന്ന് എത്തുന്നവരുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനുമായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗപ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.  

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ കര്‍ശനമായി ‍ പാലിക്കണം. വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. എട്ടാമത്തെ ദിവസം വീണ്ടും പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.

നിരീക്ഷണ കാലയളവില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശാനുസരണം പരിശോധനയ്ക്ക് വിധേയമാകണം. വാക്സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം.

മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജമുനാ വര്‍ഗീസ് അറിയിച്ചു.  

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ വിളിക്കാം. ഫോണ്‍- 7593830447

യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ കെ.എസ് അഞ്ചു, ഡോ. ദീപ്തി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവർ പങ്കെടുത്തു.