സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിൽ ക്ലബ്ബ് പ്രവർത്തനം അനിവാര്യം- ലാലി ടീച്ചർ

കുന്നുംപുറം: ജീവിത വീഥിയിലെ വിജയത്തിന് ക്ലാസ് റൂമുകളിലെ പഠനത്തോടൊപ്പം ക്ലബ്ബ് പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അത് നമ്മിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിൽ ഏറെ സഹായകമാകുവെന്നും ലാലി ടീച്ചർ പറഞ്ഞു. ജി.വി.എച്ച്.എസ്.എസ് നോർത്ത് ഇടപ്പള്ളിയിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

വിദ്യാർത്ഥികളിൽ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത് ഒട്ടനേകം നല്ല ഗുണങ്ങളാണെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് അവർ കുട്ടികളെ ഓർമ്മപ്പെടുത്തി.

ഗിന്നസ് അവാർഡ് ജേതാവ് കൊച്ചിൻ മൻസൂർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രധാനധ്യാപിക ബിന്ദു കെ അധ്യക്ഷത വഹിച്ചു.

ലോക സംഗീത ദിനത്തോടനുബന്ധിച്ച് സംഗീത രംഗത്തെ സംഭാവനകൾ മാനിച്ച് ഗിന്നസ് അവാർഡ് ജേതാവ് കൊച്ചിൻ മൻസൂറിനെ സ്റ്റാഫ് സെക്രട്ടറി മാഹിൻ ബാഖവി വൃക്ഷ തൈ നൽകി ആദരിച്ചു. ആഗോള താപനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമും ശാസ്ത്ര മാജിക്കും ഏറെ ശ്രദ്ധേയമായി.

പി.ടി.എ പ്രസിഡന്റ് സുധീർ കെ. ഖാലിദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് കുന്നുംപുറം, എലിസബത്ത് കെ.എസ്, നവീൻ പുതുശേരി, മുത്തലിബ് എം.എം, സുജ ബി മേനോൻ, സന്ധ്യ കെ.വി, സീന പെരേര, രേഖ എം.കെ എന്നിവർ സംസാരിച്ചു.

ചിത്രം: ജി.വി.എച്ച്.എസ്.എസ്. നോർത്ത് ഇടപ്പള്ളിയിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ലാലി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. ഗിന്നസ് അവാർഡ് ജേതാവ് കൊച്ചിൻ മൻസൂർ സമീപം.