നിഷ്-ല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആരംഭിക്കുന്നു

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനത്താദ്യമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് (സിആര്‍സിഎസ്) പ്രവര്‍ത്തനം ആരംഭിക്കുന്നു. ഭിന്നശേഷി ഗവേഷണ രംഗത്ത് മാതൃകാപരമായ മാറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമായ ഈ സെന്‍റര്‍ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

ഭിന്നശേഷി സമൂഹത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നൂതന സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് ലാരിഞ്ജിയല്‍ ആന്‍ഡ് ആര്‍ട്ടിക്കുലേറ്ററി സയന്‍സസ്, വെസ്റ്റിബുലാര്‍ സയന്‍സസ് യൂണിറ്റുകള്‍ സമന്വയിപ്പിച്ചാണ് സിആര്‍സിഎസ് ആരംഭിക്കുന്നത്. ആശയവിനിമയ തകരാറുകള്‍ അനുഭവപ്പെടുന്ന വ്യക്തികളെ സമൂഹത്തില്‍ സജീവമായി ഇടപെടാന്‍ പ്രാപ്തരാക്കുന്നതിനും ആശയവിനിമയ തകരാറുകളും കാരണങ്ങളും മനസ്സിലാക്കി ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനും ചികിത്സാ ഫലങ്ങള്‍ വിലയിരുത്തുന്നതിനുമായി വിപുലമായ ഗവേഷണം നടത്തുന്നതിനും സിആര്‍സിഎസ് സഹായകമാകും.

സംസ്ഥാനത്താദ്യമായി ആശയവിനിമയ ശാസ്ത്ര ഗവേഷണത്തെ കേന്ദ്രീകരിച്ച് നിലവില്‍ വരുന്ന അത്യാധുനിക സിആര്‍സിഎസ് ഈ മേഖലയില്‍ വഴിത്തിരിവാകുമെന്ന് നിഷ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം അഞ്ജന ഐഎഎസ് പറഞ്ഞു. നിഷിന്‍റെ മികവും വിദഗ്ധരായ അദ്ധ്യാപകരുടെ സാന്നിധ്യവും സൗകര്യങ്ങളും ഇതിന് മുതല്‍ക്കൂട്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

ലാരിഞ്ജിയല്‍ ആന്‍ഡ് ആര്‍ട്ടിക്കുലേറ്ററി സയന്‍സസ് യൂണിറ്റിലെ സ്പീച്ച് സയന്‍സ് ലാബിലെ അത്യാധുനിക ഉപകരണങ്ങളുടെയും വാഗ്മി, ലിംങ് വേവ്സ് സോഫ്റ്റ് വെയറുകളുടെയും ലാറിങ്കോസ്കോപ്പിയുടെയും സഹായത്തോടെ നടത്തുന്ന പരിശോധനയിലൂടെ ഉച്ചാരണത്തിലെയും ശബ്ദത്തിലേയും പ്രത്യേകതകള്‍ അളക്കുവാനും വോക്കല്‍ കോഡുകളെ നിരീക്ഷിക്കാനും കഴിയും. സംസാരത്തില്‍ ഉണ്ടാകുന്ന ഉച്ചാരണ പിഴവുകള്‍, ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, വോക്കല്‍ കോഡിന്‍റെ ഘടനയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ എന്നിവ പരിശോധിക്കാന്‍ സാധിക്കും. ഇതുകൂടാതെ ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, മൂക്കിലൂടെ സംസാരിക്കുക തുടങ്ങിയവയ്ക്ക് കാരണമായ അവയവത്തിന്‍റെ ഘടനയോ, പ്രവൃത്തിയോ ലാറിങ്കോസ്കോപ്പിലൂടെ കണ്ടുപിടിക്കാനാകും. കുട്ടികളിലും മുതിര്‍ന്നവരിലും ലാറിങ്കോസ്കോപ്പി പരിശോധന നടത്താവുന്നതാണ്.

വ്യക്തികളുടെ ബാലന്‍സ് ഡിസോര്‍ഡേഴ്സിന്‍റെ അനുബന്ധ ഗവേഷണത്തിനും പുനരധിവാസത്തിനുമാണ് വെസ്റ്റിബുലാര്‍ സയന്‍സസ് ലാബിന് തുടക്കമിട്ടിരിക്കുന്നത്. ജനസംഖ്യയുടെ നാല്‍പത് ശതമാനം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും ഘട്ടത്തില്‍ ക്രമരഹിതമായ സന്തുലനാവസ്ഥ (തലകറക്കം) അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റിബുലാര്‍ പ്രശ്നങ്ങള്‍ വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തെയും ജീവിത നിലവാരത്തെയും തടസ്സപ്പെടുത്താം. ഇത് മുന്നില്‍ കണ്ടാണ് കേരളത്തിലെ ആദ്യ വെസ്റ്റിബുലാര്‍ ലാബ് തുടങ്ങാന്‍ നിഷ് മുന്നിട്ടിറങ്ങിയത്.