നവാസ് പൂനൂര്‍ എഴുതിയ ‘ഇ അഹമ്മദ് മഹനീയം ഒരു കാലം’ പുസ്തകം പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രവാസികളേയും പ്രയാസമനുഭവിക്കുന്നവരേയും നെഞ്ചോട് ചേര്‍ത്തിവെച്ച നേതാവായിരുന്നു ഇ. അഹമ്മദെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നവാസ് പൂനൂര്‍ എഴുതിയ 'ഇ അഹമ്മദ് മഹനീയം ഒരു കാലം' എന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് നാടുകളില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലെല്ലാം കഴിയുന്ന മലയാളി അഭയ കേന്ദ്രമായി കണ്ടത് അഹമ്മദിനെയായിരുന്നു. അവര്‍ക്കദ്ദേഹം അവസാനത്തെ അത്താണിയായിരുന്നു.

വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും അംബാസഡര്‍മാരും ഹൈക്കമ്മീഷന്‍മാരുമായി ഇത്ര ഉറ്റ സൗഹൃദം പുലര്‍ത്തിയ മറ്റൊരു നേതാവിനെ കാണാനാവില്ല, ആസാദ് തുടര്‍ന്നു പറഞ്ഞു. വടക്കേ ഇന്ത്യന്‍ തെരുവീഥികളില്‍ വര്‍ഗ്ഗീയ കലാപം പൊട്ടി പുറപ്പെടുമ്പോള്‍ അവിടെ ആദ്യം ഓടിയെത്തി ആശ്വാസത്തിന്റെ കൈതാങ്ങായി മാറാന്‍ അഹമ്മദിന് കഴിഞ്ഞു- അദ്ദേഹം പറഞ്ഞു.

യുഎഇ കെ എം സി സി നാഷനല്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എ. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ. പി. അന്‍വര്‍ അമീന് ആദ്യ കോപ്പി കൈമാറി പ്രകാശനം ചെയ്തു.

കെ എം സി സി ദേശീയ ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ പുസ്തക പരിചയം നടത്തി. ഡോ. എം. കെ. മുനീര്‍ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി.

ഇ. അഹമ്മദിന്റെ പുത്രി ഡോ. ഫൗസിയ ഷര്‍ഷാദ്, ഡോ. അനീസ് അലി, ഇബ്രാഹിം മുറിച്ചാണ്ടി, ലിപി അക്ബര്‍, ഫാത്തിമ തഹ്‌ലിയ, ഡോ. അര്‍ഷാദ് ഫസല്‍, എം. എ. സുഹൈല്‍, ഹാഷിം വടകര, നൗഷാദ് കാപ്പാട് തുടങ്ങിയവർ സംസാരിച്ചു.

നവാസ് പൂനൂര്‍ മറുപടി പ്രസംഗം നടത്തി. കെ എം സി സി ദേശീയ ട്രഷറര്‍ നിസാര്‍ തളങ്കര സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.