തോറ്റവരാണ് താരങ്ങള്‍; പ്ലസ് ടു, എസ്എസ്എല്‍സി തോറ്റവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനമൊരുക്കി എൻ.സി.ഡി.സി

കോഴിക്കോട്: ഈ വര്‍ഷം പ്ലസ് ടുവും എസ്എസ് എല്‍സിയും തോറ്റ പെണ്‍കുട്ടികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിന് അവസരമൊരുക്കി ദേശീയ ശിശു ക്ഷേമ സന്നദ്ധ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി.) കേരള റീജിയന്‍.

സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിനുപുറമെ, മോട്ടിവേഷന്‍ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിങ്, പ്രസന്റേഷന്‍ സ്‌കില്‍, വ്യക്തിത്വ വികസനം എന്നിവയും ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൂമിലൂടെ ദിവസവും സന്ധ്യക്ക് ഒരു മണിക്കൂറാണ് ക്ലാസ്. ഒപ്പം ദിവസവും ഒരു മണിക്കൂര്‍ പെയര്‍ പ്രാക്ടീസുമുണ്ട്. ആകെ അന്‍പത് മണിക്കൂര്‍ (25 ദിവസം) ആണ് ക്ലാസ്.

വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി രസകരമായി എത്തിക്കുന്നതാണ് ഇതിന്റെ മൊഡ്യൂള്‍.

എന്‍.സി.ഡി.സി. മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്‌സാണ്ടര്‍ ഈ ട്രെയിനിംഗ് പ്രോഗ്രാമിന് നേരിട്ട് നേതൃത്വം നല്‍കും.

പരാജയപ്പെട്ട കുട്ടികളുടെ മാനസിക പിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാനും, ഒപ്പം അവര്‍ക്ക് മറ്റൊരു തരത്തില്‍ കഴിവ് തെളിയിക്കാനുള്ള പ്രചോദനപ്രദമായ അവസരവുമാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍.സി.ഡി.സി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ് പറഞ്ഞു.

ഈ ട്രെയിനിംഗ് പ്രോഗ്രാമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഈ വര്‍ഷം പ്ലസ് ടുവും എസ്എസ്എല്‍സി യും തോറ്റ വിദ്യാര്‍ത്ഥിനികളോ അവരുടെ രക്ഷാകര്‍ത്താക്കളോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അവരുടെ പ്ലസ് ടു / എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് കോപ്പി വാട്ട്‌സാപ്പ് ചെയ്യുക. വാട്ട്‌സാപ്പ് നമ്പർ: 06282608517.