ഇ-സേവന കേന്ദ്രങ്ങള്‍ വഴി അഴിമതികള്‍ കുറയ്ക്കാന്‍ സാധിക്കും- മന്ത്രി വി.അബ്ദുറഹിമാന്‍

മൂടാടി: ഇ-സേവന കേന്ദ്രങ്ങള്‍ വരുന്നതോടെ താഴെ തട്ടിലുള്ള അഴിമതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസുകളും ഇ-സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇ-സേവന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. മൂടാടി ഗ്രാമ പഞ്ചായത്തിലെ ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മൂടാടി ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഘടക വിഭാഗത്തിലാണ് ഇ-സേവന കേന്ദ്രങ്ങള്‍ രൂപീകരിച്ചത്. പഞ്ചായത്തിലെ നന്തി, ചിങ്ങപുരം, മുചുകുന്ന്, മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇ-സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ മറ്റ് വകുപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക.  പഞ്ചായത്തിലെ വനിതകളായ കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളാണ് ഇതിന്റെ സംരംഭകര്‍. ഇ-സേവന കേന്ദ്രങ്ങളില്‍ ആവശ്യമായ ഐ.ടി ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്തംഗം ദുല്‍ഖിഫില്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജീവനാന്ദന്‍, സുഹറ ഖാദര്‍, മൂടാടി പഞ്ചായത്തംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം. ശ്രീലത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

മൂടാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ സ്വാ?ഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു.