മങ്കിപോക്സ്: ആരോഗ്യജാഗ്രത പാലിക്കുക- ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട്: സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിലും ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു.

മങ്കിപോക്സ് അഥവാ വാനര വസൂരി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് വ്യാധിയാണ്. രോഗമുള്ള എലി, അണ്ണാൻ, കുരങ്ങ് മുതലായ മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടായാൽ രോഗം പകരാം. രോഗം ബാധിച്ച മനുഷ്യരിൽ നിന്നും ശരീരസ്രവങ്ങൾ, ശ്വസന തുള്ളികൾ, ക്ഷതങ്ങൾ, കിടക്ക തുടങ്ങിയവ വഴിയും ലൈംഗിക ബന്ധത്തിലൂടെയും അമ്മയിൽ നിന്ന് പ്ലാസന്റ വഴി കുഞ്ഞിലേക്കും രോഗം പകരാം.

പനി, കഠിനമായ തലവേദന, നടുവേദന, പേശീ വേദന, കഴലവീക്കം, ഊർജ്ജക്കുറവ് എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ. പനി വന്ന് ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ശരീരത്തിൽ മുഖത്തും കൈകാലുകളിലുമൊക്കെയായി കുമിളകൾ കാണപ്പെടുന്നു.

ജനനേന്ദ്രിയം, കൺജക്റ്റിവ, കോർണിയ എന്നിവിടങ്ങളിലും ഇത്തരം കുമിളകൾ കാണപ്പെടാം. വൈറസ് രോഗമായതിനാൽ പ്രത്യേക ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും ദീർഘകാല ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും തടയുന്നതിനും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

എല്ലാവരും താഴെ പറയുന്ന മുൻകരുതലുകൾ നിർബന്ധമായും എടുക്കണം:

  • വന്യമൃഗങ്ങളുമായും അവയുടെ മൃതശരീരവുമായും അടുത്ത ബന്ധം പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക.
  • ഇവയുടെ മാംസം, രക്തം, ശരീര സ്രവങ്ങൾ എന്നിവയുമായും അടുത്ത ബന്ധം പുലർത്തരുത്.
  • നന്നായി വേവിച്ച മാംസാഹാരം മാത്രം കഴിക്കുക.

രോഗം ബാധിച്ചവരുമായി ഇടപഴകുന്ന കുടുംബാംഗങ്ങൾ, ആരോഗ്യ പരിചരണ പ്രവർത്തകർ എന്നിവർ അണുബാധ തടയാൻ സഹായകമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.