നഗര ശുചീകരണത്തിന് ആധുനിക സംവിധാനം ഏർപ്പെടുത്തും- മേയർ

കോഴിക്കോട്: ഓവുചാലുകളും റോഡുകളും ശുചീകരിക്കുന്നതിന് ആധുനിക സംവിധാനം ഏർപ്പെടുത്തുമെന്നും, ആവശ്യമായ നൂതന ഉപകരണങ്ങൾക്ക് ഓർഡർ നൽകിയതായും കോഴിക്കോട് നഗരസഭാ മേയർ ഡോ. ബീന ഫിലിപ്പും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. ജയശ്രീയും സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ നിവേദക സംഘത്തെ അറിയിച്ചു.

സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു നടത്തിയ ചർച്ചാവേളയിൽ ആണ് മേയറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയും ഇക്കാര്യം അറിയിച്ചത്.

അടുത്ത മഴക്കാലത്തിനു മുമ്പ് അനുകൂല കാലാവസ്ഥയിൽ മൊയ്തീൻ പള്ളി റോഡും പ്രത്യേകിച്ച് ബേബി ബസാറിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.

കെട്ടിട ഉടമകളുടെയും, ബന്ധപ്പെട്ട വ്യാപാരികളുടെയും പരിപൂർണ്ണ സഹകരണത്തോടെ ഓവുചാലുകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു പരിഷ്കൃത നാടുകളിലെ പോലെ റോഡ് വൃത്തിയാക്കാനും മറ്റും ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും അവർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു. പദ്ധതികൾ വിശദീകരിക്കുന്നതിനും, വിജയിപ്പിക്കുന്നതിനും വ്യാപാരി സംഘടനകളുടെ യോഗം വിളിച്ചുചേർക്കാൻ ഉദ്ദേശിക്കുന്നതായും മേയർ അറിയിച്ചു. കോഴിക്കോട് നഗരത്തിലെ നിരവധി ടൂറിസ്റ്റ് പോയിന്റുകൾ സ്വദേശ-വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതായും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സൗകര്യങ്ങളും ഹോംസ്റ്റേയും ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നും മേയർ അഭിപ്രായപ്പെട്ടു.

നഗര ശുചീകരണത്തിന് കോർപ്പറേഷൻ ഓർഡർ നൽകിയ ഉപകരണങ്ങളുടെയും വാങ്ങാനുദ്ദേശിക്കുന്ന ആധുനിക ഉപകരണങ്ങളുടെ സവിശേഷതകളും പദ്ധതികളും ആരോഗ്യ സ്ഥിരം സമിതി ചെയർപേർസൺ ഡോ. ജയശ്രീയും വിശദീകരിച്ചു.

ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി ഹാഷിം, രക്ഷാധികാരി ഷെവ. സി. ഇ. ചാക്കുണ്ണി, സി.കെ. മൻസൂർ നോവക്സ്, സി.സി. മനോജ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.