അവശ്യ മരുന്നുകള്‍ ഇനി ഡ്രോണ്‍ വഴി വീട്ടിലെത്തും; നൂതന ആശയം അവതരിപ്പിച്ചു ആസ്റ്റര്‍ മിംസ് ആശുപത്രിയും സ്‌കൈ എയര്‍ മൊബിലിറ്റിയും

എ വി ഫർദിസ്

കോഴിക്കോട്: അവശ്യ മരുന്നുകള്‍ ഇനി ഡ്രോണ്‍ വഴി വീട്ടിലെത്തുന്ന നൂതന ആശയത്തിന് കൈകോര്‍ത്ത് ആസ്റ്റര്‍ മിംസ് ആശുപത്രിയും സ്‌കൈ എയര്‍ മൊബിലിറ്റിയും.

രോഗനിര്‍ണയ സാമ്പിളുകളുടേയും മരുന്നുകളുടേയും ഡെലിവറി ഡ്രോണ്‍ വഴിയാക്കാനുള്ള പരീക്ഷണങ്ങള്‍ക്കാണ് ഇരുവരും കൂടി തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിലെ ആരോഗ്യ മേഖലയില്‍ ആദ്യമായി ആണ് ഡ്രോണ്‍ ഡെലിവറി പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കല്‍ ലാബ് സാമ്പിളുകളും ഡ്രോണ്‍ വഴി എത്തിച്ച്, പരീക്ഷണപ്പറത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

സ്‌കൈ എയറിന്റെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്‌നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും തുടക്കത്തില്‍ കോഴിക്കോട്ടു നിന്നായിരിക്കും വായുമാര്‍ഗം ഡെലിവറി ചെയ്യുക. വൈകാതെ തന്നെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും. സ്‌കൈ എയറിന്റെ നൂതന ഉല്‍പ്പന്നമായ സ്‌കൈ ഷിപ്പ് വണ്‍ ഡ്രോണ്‍ ആണ്  ഉപയോഗിക്കുന്നത്. 

അഞ്ചു ദിവസത്തെ BVLOS ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കുള്ള രക്ത സാമ്പിളുകളും മരുന്നുകളും വഹിച്ചുള്ള അമ്പതോളം ഡ്രോണ്‍ പറത്തലുകളാണ് സ്‌കൈ എയര്‍ ലക്ഷ്യമിടുന്നത്.

താപനില നിയന്ത്രിതമായ പേലോഡ് ബോക്‌സുകളില്‍ ആദ്യം മരുന്നും ഡയഗ്‌നോസ്റ്റിക് സാമ്പിളും കയറ്റിവയ്ക്കും. ഈ പേലോഡ് ബോക്‌സ് പിന്നീട് ഡ്രോണില്‍ ഘടിപ്പിക്കുകയും നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക്, മുന്‍കൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ ആരോഗ്യമേഖലയ്ക്ക് അനുയോജ്യമാകുന്ന രീതിയില്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ കേരള - ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു..

പദ്ധതി വിജയകരമാകുന്നതോടെ ഡ്രോണുകള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം വീടുകളില്‍ അടക്കം എത്തിച്ചേരാനും മരുന്നുകള്‍ കൈമാറ്റം ചെയ്യാനും സാധിക്കുമെന്നും ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി.

ഡ്രോണ്‍ ഡെലിവറി സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ട്രയലുകളെന്ന് സ്‌കൈ എയര്‍ മൊബിലിറ്റി സിഇഒ, അങ്കിത് കുമാര്‍ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ മരുന്നുകളും മറ്റും ഡെലിവറി ചെയ്യാനും, കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാര്യക്ഷമമായും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുമാകുമെ ന്നും അങ്കിത് കുമാര്‍ പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനീത് പുരുഷോത്തമന്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എബ്രഹാം മാമന്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രാജേഷ് കുമാര്‍. ജെഎസ് എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ചിത്രം: സ്‌കൈ എയര്‍ മൊബിലിറ്റി സിഇഒ, അങ്കിത് കുമാര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനീത് പുരുഷോത്തമന്‍, ആസ്റ്റര്‍ കേരളഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എബ്രഹാം മാമന്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രാജേഷ് കുമാര്‍ എന്നിവർ.