മണിയൂർ ഗവ ഐ.ടി.ഐക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു

മണിയൂർ: ഗവ ഐ.ടി.ഐക്ക് സ്വന്തമായൊരു കെട്ടിടമൊരുങ്ങുന്നു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഐ.ടി.ഐ ക്കാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മണിയൂർ പഞ്ചായത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുകയെന്ന് മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് പറഞ്ഞു.

6.9 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ രൂപകൽപ്പനയുടെ അടിസ്ഥാനത്തിൽ വകുപ്പിൻ്റെ കെട്ടിടവിഭാഗമായിരിക്കും ഈ പ്രവൃത്തിയുടെ നിർമ്മാണ ചുമതല വഹിക്കുക.

മൂന്നു നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ ക്ലാസ് മുറികൾ, ലബോറട്ടറി, ഓഫീസ് സംവിധാനങ്ങൾ, ഹാൾ, ശുചിമുറികൾ, ലിഫ്റ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടാകും.

കമ്പോസിറ്റ് ടെൻഡർ ആയതിനാൽ ഇലക്ട്രിക്കൽ പ്രവർത്തികളും സമാന്തരമായി നടക്കും.ആധുനികരീതിയിൽ നിർമ്മിക്കാൻ ആസൂത്രണം ചെയ്യുന്ന കെട്ടിടത്തിന്‍റെ ടെൻഡർ നടപടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.കൂടുതൽ സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതിലൂടെ മണിയൂർ ഐ ടി ഐ യുടെ വളരെക്കാലമായുള്ള ആവശ്യമാണ് നിറവേറുന്നത്.