ലോകത്തെ രുചിക്കൂട്ടുകള്‍ ഒരു കുടക്കീഴിലെത്തിച്ച് 'ലുലു ഫുഡ് കാര്‍ണിവലി'ന് കൊച്ചിയില്‍ തുടക്കം

കൊച്ചി : ലോകത്തെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി 'ലുലു ഫുഡ് കാര്‍ണിവല്‍ 2022' ന് കൊച്ചി ലുലുമാളില്‍ തുടക്കം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫുഡ് കാര്‍ണിവല്‍ നടൻ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. മാളിലെ ഫുഡ് കോര്‍ട്ടിലാണ് കാര്‍ണിവല്‍ നടക്കുന്നത്.

വിവിധ രാജ്യങ്ങളുടെ കൊതിയൂറുന്നതും വൈവിധ്യം നിറഞ്ഞതുമായ രുചിക്കൂട്ടുകള്‍ തന്നെയാണ് ഫുഡ് കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണം. ബര്‍ഗറുകളടക്കമുള്ള അമേരിക്കയുടെ വ്യത്യസ്ത ഡിഷുകള്‍, സ്വാദൂറുന്ന ഇറ്റാലിയന്‍ വിഭവങ്ങള്‍, തായ്ലന്‍ഡിന്റെ സ്പൈസി ഫുഡ് അങ്ങനെ നീളുന്നു കാര്‍ണിവലിലെ ലോക രുചിക്കാഴ്ചകള്‍. ഈജിപ്ഷ്യന്‍, ലെബനീസ്, ഇറാനിയന്‍ രുചികളുമായി അറബിക് ഭക്ഷണത്തിനും പ്രത്യേക വിഭാഗം തന്നെ കാര്‍ണിവലിലുണ്ട്. ഇന്ത്യന്‍ രുചിവിഭവങ്ങളും ഒട്ടും കുറവല്ല. മംഗലൂരുവിന്‍റെ സ്വന്തം ഡൊണ്ണേ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടെ ഭക്ഷണപ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട രുചിക്കൂട്ടുകള്‍ പലതും ഇന്ത്യന്‍ വിഭാഗത്തിലെ പ്രത്യേകതകളാണ്.

ഫുഡ് കാര്‍ണിവലിന്റെ ഭാഗമായി പാചക മത്സരങ്ങള്‍, മാസ്റ്റര്‍ ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചക ക്ലാസുകള്‍, സംഗീത പരിപാടികള്‍, പ്രോഡക്ട് ലോഞ്ചുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മെയ് 22ന് ഫുഡ് കാര്‍ണിവല്‍ അവസാനിക്കും.

ചടങ്ങിൽ സിനിമ താരങ്ങളായ അദിതി രവി, മുക്ത, സംവിധായകൻ എം. പദ്കുമാർ, കേര സ്വാദ് മാനേജിംഗ് പാർട്ണർ കെ.എച്ച്. നൗഷാദ്, ലുലു റീട്ടെയ്ൽ ബയിംഗ് ഹെഡ് ദാസ് ദാമോദരൻ, ജനറൽ മാനേജർ സുധീഷ് നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോ പൈനേടത്ത്, സെൻട്രൽ ബയർ സനീഷ്, ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ് എന്നിവർ പങ്കെടുത്തു.

ചിത്രം: ലുലു ഫുഡ് കാർണിവലിൻ്റെ ഉദ്ഘാടനം നടൻ അനൂപ് മേനോൻ കേക്ക് മുറിച്ച് നിർവ്വഹിക്കുന്നു.