കോട്ടയത്തെ ക്ഷയരോഗമുക്ത നഗരസഭയാക്കാൻ 'ആശ്വാസ്' പദ്ധതി

കോട്ടയം: കോട്ടയം നഗരസഭാ പരിധിയിൽ ക്ഷയരോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിന് 'ആശ്വാസ് കോട്ടയം' എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. കോട്ടയത്തെ സംസ്ഥാനത്തെ ആദ്യ ക്ഷയരോഗമുക്ത നഗരസഭയാക്കുകയാണ് ലക്ഷ്യം.

ഇതിനായി ആരോഗ്യ വകുപ്പും നഗരസഭയും കുടുംബശ്രീയുമായി  കൈകോർത്ത് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ചികിത്സ നൽകും. ആദ്യഘട്ടത്തിൽ നഗരസഭ വാർഡുകളിലെ കുടുംബശ്രീ എ.ഡി.എസ്. അധ്യക്ഷർ, ആശാ പ്രവർത്തകർ എന്നിവരുടെ പരിശീലനം നടന്നു.

പരിശീലന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഉദ്ഘാടനംചെയ്തു.  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ്മോഹൻ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ വിദ്യാധരൻ, ജില്ലാ ടി.ബി ഓഫീസർ ഡോ. ട്വിങ്കിൾ, നഗരസഭാ സി.ഡി.എസ് സൗത്ത് സോൺ അധ്യക്ഷ ജ്യോതി ശ്യാം, നോർത്ത് സോൺ അധ്യക്ഷ അജിതാ ഗോപകുമാർ, കുടുംബശ്രീ സിറ്റി മിഷൻ മാനേജർ ടോണി ജോസ് എന്നിവർ പ്രസംഗിച്ചു.

രണ്ടാംഘട്ടത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളിലും അയൽക്കൂട്ടങ്ങളിലെ ആരോഗ്യദായക വോളണ്ടിയർമാർക്ക്  പരിശീലനം നൽകും. അവർ എല്ലാ അയൽക്കൂട്ടങ്ങളിലും ബോധവത്കരണം നടത്തി വീടുകളിലെ ക്ഷയരോഗ ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതാണ് പദ്ധതി.  ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പദ്ധതി നടപ്പാക്കുക.