മാർക്ക് കുറഞ്ഞവരും മിടുക്കരാണ്- അഡ്വ. ചാർളി പോൾ

കൂനമ്മാവ്: മാർക്ക് കുറഞ്ഞവരും തോറ്റവരുമെല്ലാം മിടുക്കർ തന്നെയാണ്. മോശം മാർക്ക് ഷീറ്റോ പരീക്ഷകളിലെ പരാജയങ്ങളോ ഒന്നുമല്ല ജീവിത വിജയം നിർണ്ണയിക്കുന്നതെന്ന് ട്രെയ്നറും മെന്ററുമായ അഡ്വ. ചാർളി പോൾ പറഞ്ഞു.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ മാതാപിതാക്കൾക്കായുള്ള പോസിറ്റീവ് പാരന്റിംഗ് സെമിനാറിൽ ക്ലാസെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷകളാലെ വിജയ പരാജയങ്ങൾക്ക് ജീവിത വിജയയുമായി ഒരു ബന്ധവുമില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പല കാരണങ്ങളാൽ മാർക്ക് കുറഞ്ഞു പോകാം . പിന്നോക്കം പോയവർക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകർന്നു നല്കണം. അവരെ ആശ്വസിപ്പിച്ച്, അവർക്ക് ഉന്നത ലക്ഷ്യങ്ങൾ പകർന്നു കൊടുക്കുക. അവർക്ക് നിരവധിയായ കഴിവുകൾ ഉണ്ട്. മൾട്ടിപ്പിൾ ഇന്റലിജൻസുള്ളവരാണ് കുട്ടികൾ.

ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലും ഉള്ളത്. ഇതിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് അഭിരുചികൾ വ്യത്യസ്തമാകും. ആ അഭിരുചി കണ്ടെത്തി വളർത്തിയാൽ കുട്ടികൾ അത്ഭുതങ്ങൾ കാണിക്കും- ചാർളി പോൾ തുടർന്നു പറഞ്ഞു.

പ്രിൻസിപ്പാൾ ഗ്ലോറിയ ഡോറിസ് അധ്യക്ഷത വഹിച്ചു. സിബിൽ പി ജോസഫ് സ്വാഗതവും കെ.ജെ. ഡിജി നന്ദിയും പറഞ്ഞു. ആയിരത്തിലേറെ മാതാപിതാക്കൾ സെമിനാറിൽ പങ്കെടുത്തു.

ചിത്രം: കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന പോസിറ്റീവ് പാരന്റിംഗ് സെമിനാറിൽ ട്രെയ്നറുംമെന്ററുമായ അഡ്വ. ചാർളി പോൾ ക്ലാസെടുക്കുന്നു