ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണം നേടി 11 വയസ്സുകാരൻ

കുന്നംകുളം: ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സ്വർണം നേടി 11 വയസ്സുകാരൻ. കളരിപ്പയറ്റിൽ അണ്ടർ 40 കിലോ വിഭാഗത്തിൽ മെയ്പ്പയറ്റ് ഇനത്തിൽ മത്സരിച്ച വേദ്നാഥ് കൂനത്താണ് 25.5 പോയിന്റ് നേടി സ്വർണം കരസ്ഥമാക്കിയത്. 

12 കായിക ഇനങ്ങളിലായി കേരളത്തിനുവേണ്ടി മത്സരിക്കുന്ന 194 താരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

പഴഞ്ഞി അരുവായി വികെഎം കളരിയിലെ എം.ബി.വിനോദ്കുമാർ ഗുരുക്കളുടെ കീഴിലാണു കളരിപ്പയറ്റ് അഭ്യസിക്കുന്നത്. കളരിപ്പയറ്റ് നാഷ്ണൽ മത്സരങ്ങളിലെ വിജയിയാണ്.  പെങ്ങാമുക്ക് കൂനത്ത് രവീന്ദ്രനാഥിന്റെയും രമ്യയുടെയും മകനും കുന്നംകുളം എംജെഡി ഹൈസ്കൂളിലെ വിദ്യാർഥിയുമാണ്.

ഈ വർഷം മുതലാണു കളരിപ്പയറ്റ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഇടം നേടിയത്. കളരിപ്പയറ്റുകൂടി ഉൾപ്പെടുത്തിയതോടെ മെഡൽ നിലയിൽ മികച്ച മുന്നേറ്റം ഇത്തവണ കേരളം കരസ്ഥമാക്കും.