ഖാദി അണിയുന്നവർക്ക് ആദരമേകി ഖാദി ബോർഡ്

കോട്ടയം: ഖാദി വേഷം സ്ഥിരമാക്കിയ പൗരപ്രമുഖരേയും വ്യക്തികളേയും ആദരിച്ച് ഖാദി ഉപഭോക്തൃ സംഗമം. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഖാദി ഉപഭോക്തൃ സംഗമത്തിലാണ് സ്ഥിരമായി ഖാദി വേഷം ഉപയോഗിക്കുന്ന രാഷ്ട്രീയ-സാമുദായിക-സംസ്‌കാരിക, വ്യവസായ, ഉദ്യോഗസ്ഥ മേഖലകളിലടക്കമുള്ള ഉപയോക്താക്കളെ ആദരിച്ചത്.

തിരുനക്കര കൊമേഴ്സ്യൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭാ ഉപാധ്യക്ഷൻ ബി. ഗോപകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ഖാദി ഗ്രാമ വ്യവസായ ബോർഡംഗം കെ.എസ്. രമേഷ് ബാബു അധ്യക്ഷനായിരുന്നു. ഖാദി ഉപയോക്താക്കളെ ഉപഹാരം നൽകി ആദരിച്ചു.

സി.എസ്.ഐ. സഭ കോട്ടയം ട്രഷറർ ഫാ. ഷാജൻ ഇടിക്കുള, വിളക്കിത്തലനായർ സമാജം സംസ്ഥാന രക്ഷാധികാരി അഡ്വ. കെ.ആർ. സുരേന്ദ്രൻ, കോട്ടയം എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, കോട്ടയം എൻ.ജി.ഒ. അസോസിയേഷൻ പ്രസിഡന്റ് സതീഷ് ജോർജ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് വില്ലേജ് ഇൻഡ്സ്ട്രീസ് ഓഫീസർ എം.എസ്. സബീന ബീഗം എന്നിവർ പ്രസംഗിച്ചു.

ചിത്രം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഖാദി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഖാദി ഉപഭോക്തൃ സംഗമം നഗരസഭാ ഉപാധ്യക്ഷൻ ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.