സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 3000 കടന്നു; ഇന്ന് 3488 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം. ഒരിടവേളയ്ക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികള്‍ മൂവായിരം കടന്നത്.

കഴിഞ്ഞ മണിക്കൂറുകളില്‍ മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇത്തവണയും എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍. എറണാകുളം ജില്ലയില്‍ 987 പേര്‍ക്കാണ് രോഗം ബാധിച്ചത്.

അതേ സമയം രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്നലെ 6594 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കടന്നു. നിലവില്‍ 50,548 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ 4035 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,61,370 ആയി. രോഗമുക്തി നിരക്ക് 98.67 ശതമാനമാണ്.