കേരള ബാങ്കിന്റെ വിദ്യാനിധി നിക്ഷേപ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുക, പഠനാവശ്യങ്ങള്‍ക്കായി ആ തുക ഉപയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച വിദ്യാനിധി നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ബാങ്കിന്റെ ബി ദ നമ്പര്‍ വണ്‍ കാമ്പയിനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷതവഹിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, സഹകരണ സംഘം രജിസ്ട്രാര്‍ പി ബി നൂഹ് ഐഎഎസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സി ഇ ഒ പി എസ് രാജന്‍, സി.ജി.എം കെ സി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് റീജിയണ്‍ ഓഫീസിലും ശാഖകളിലും വിവിധ പരിപാടികള്‍ നടന്നു. റീജിയണല്‍ ഓഫീസിലെ ഇ വി കുമാരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാനിധി നിക്ഷേപ പദ്ധതി ജില്ലാതല ഉദ്ഘാടനവും പാസ്ബുക്ക് വിതരണവും കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി ബാലഗോപാലന്‍, ഐ കെ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചിത്രം: കേരള ബാങ്ക് വിദ്യാനിധി നിക്ഷേപ പദ്ധതി ജില്ലാതല പാസ്ബുക്ക് വിതരണം ഡയറക്ടര്‍ ഇ രമേശ് ബാബു നിര്‍വ്വഹിക്കുന്നു.