കായംകുളം നഗരസഭയില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

കായംകുളം: ശാസ്ത്രീയ നാളികേര ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയില്‍ തുടക്കമായി. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. 

കാര്‍ഷിക വികസന-കര്‍ഷ ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 

തെങ്ങിന് തടം എടുത്ത് പുതയിടല്‍, ജൈവവളത്തിന്‍റെയും കുമ്മായത്തിന്‍റെയും വിതരണം, ജലസേചനത്തിനായി പമ്പ് സെറ്റ് സ്ഥാപിക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, രോഗബാധിത തെങ്ങുകള്‍ക്ക് മരുന്ന് തളിക്കല്‍, ഇടവിള കൃഷിക്കായി വാഴ വിത്ത് വിതരണം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുക.

കേരസമിതി രജിസ്റ്റര്‍ ചെയ്ത് മൂല്യവര്‍ധിത വെളിച്ചെണ്ണയുടെ ഉത്പാദനവും നടത്തും. നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനും പദ്ധതി ഉപകരിക്കും.

നഗരസഭയിലെ 44 വാര്‍ഡുകളിലെയും കേരകര്‍ഷകരാണ് ഗുണഭോക്താക്കള്‍. ദേവികുളങ്ങര, കണ്ടല്ലൂര്‍, ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകളില്‍ പദ്ധതി നേരത്തേ ആരംഭിച്ചിരുന്നു.