കാർക്കിനോസ് ഹെൽത്ത്‌കെയറിന്‍റെ അഡ്വാൻസ്‌ഡ് സെന്‍റർ ഫോർ കാൻസർ ഡയഗ്‌നോസ്റ്റിക്‌സ് ആൻഡ് റിസർച്ച് കൊച്ചിയില്‍ പ്രവർത്തനമാരംഭിച്ചു

കൊച്ചി: സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ക്യാൻസർ പരിചരണം നൽകുന്ന കാർക്കിനോസ് ഹെൽത്ത്കെയറിന്‍റെ അഡ്വാൻസ്‌ഡ് സെന്‍റര്‍ ഫോർ കാൻസർ ഡയഗ്‌നോസ്റ്റിക്‌സ് ആൻഡ് റിസർച്ച് (എസിസിഡിആര്‍) മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. വ്യവസായമന്ത്രി പി രാജീവ്‌, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് വൈസ് ചാൻസിലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ബയോപ്സി സാമ്പിളുകള്‍ മോളിക്കുലർ, ജീനോമിക് നിലയിൽ വിശകലനം ചെയ്യുന്നതിനും ഓരോ വ്യക്തികൾക്കും അനുയോജ്യമായ ചികിത്സ നിർദ്ദേശിക്കുന്നതിനും രോഗി ചികിത്സയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ലിക്വിഡ് ബയോപ്സിയിലൂടെ മനസ്സിലാക്കുന്നതിനും കാർക്കിനോസിന്‍റെ ആഗോള കാൻസർ പരിചരണ ശൃംഖലയുടെ കേന്ദ്ര ലാബ് ആയി പ്രവർത്തിക്കുന്ന ഈ എസിസിഡിആര്‍-ൽ സാധിക്കും.

ഭാവിയില്‍ കാന്‍സർ ചികിത്സയില്‍ നൂതന പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിന് ഈ അഡ്വാൻസ്‌ഡ് സെന്‍റർ ഫോർ കാൻസർ ഡയഗ്‌നോസ്റ്റിക്‌സ് ആൻഡ് റിസർച്ചില്‍ സാധിക്കുമെന്ന് കാർക്കിനോസ് ഹെൽത്ത്‌കെയർ മെഡിക്കൽ ഡയറക്ടറും കേരള ഓപ്പറേഷൻസ് സിഇഒയുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു. രാജ്യത്ത് എളുപ്പം ലഭ്യമല്ലാത്ത പ്രിസിഷൻ മെഡിസിനിനായുള്ള മോളിക്യുലാർ ടെസ്റ്റുകള്‍, നേരത്തെ രോഗം കണ്ടെത്താനുള്ള ഡയഗ്നോസ്റ്റിക് ടെസ്റ്റുകള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിൽ പ്രത്യേക കാൻസർ ജീനോമിക് ട്യൂമർ പാനൽ സൃഷ്ടിക്കുന്നതിനും മറ്റ് ക്ലിനിക്കുകൾ, ശാസ്ത്രജ്ഞർ, അക്കാദമിക് ഓർഗനൈസേഷനുകൾ എന്നിവയ്ക്ക് വിവിധ അപ്ലൈഡ് റിസർച്ച് പ്രോഗ്രാമുകളിൽ വേണ്ട പിന്തുണ നല്‍കുന്നതിന് കാർകിനോസ് ഹെൽത്ത്കെയർ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പുതിയ ക്യാൻസർ രോഗികളുടെ എണ്ണം വർഷത്തില്‍ 13.2 ലക്ഷവും നിലവിലുള്ള മൊത്തം രോഗികളുടെ എണ്ണം ഇതിനേക്കാൾ മൂന്നിരട്ടിയുമാണെന്ന് കർക്കിനോസ് ഹെൽത്ത്‌കെയറിന്‍റെ സഹസ്ഥാപകൻ സുന്ദർ ആർ പറഞ്ഞു. ഏറ്റവും വലിയ ദുരന്തം എന്നത് രോഗം കണ്ടുപിടിക്കുന്നത് വൈകിയ സ്റ്റേജുകളിലാന്നെന്നതാണ്. രോഗം സുഖപ്പെടാനുള്ള സാധ്യത കുറയാനും ചികിത്സ ചെലവ് വർധിക്കാനും ഇത് കാരണമാവും. ആരോഗ്യപരിപാലന അടിസ്ഥാന സൗകര്യങ്ങൾ സാങ്കേതികവിദ്യയിലൂടെ സമന്വയിപ്പിക്കുക വഴി ക്യാൻസർ സ്ക്രീനിംഗ് കമ്മ്യൂണിറ്റികളിൽ നടത്താനാവും. രോഗികളുടെ പരിചരണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും വേണ്ട മാർഗനിർദ്ദേശങ്ങള്‍ നല്‍കുന്നതിന് കാർക്കിനോസിന്‍റെ കമാൻഡ് സെന്‍റർ ഉണ്ട്. അങ്ങനെ മെച്ചപ്പെട്ട ക്യാൻസർ പരിചരണവും രോഗമുക്തിയുമാണ് കാർക്കിനോസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ പ്രവർത്തിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുമായി ചേർന്നുകൊണ്ടുള്ള ഒരു സംയോജിത ചികിത്സാ നെറ്റ് വർക്ക് ആണ് കാർക്കിനോസ് വിഭാവനം ചെയ്യുന്നത്. കാർക്കിനോസിന്‍റെ കീഴിലുള്ള കാൻസർ വിദഗ്ദ്ധരും അതാത് ആശുപത്രികളിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുമായി ചേർന്ന് എല്ലാ ജില്ലകളിലും കാൻസർ സർജറി, ഡേ കെയർ കീമോതെറാപ്പി തുടങ്ങിയ ചികിത്സകള്‍ ലഭ്യമാക്കുക വഴി കാൻസർ രോഗികള്‍ ഇന്ന് അനുഭവിക്കുന്ന ദൂരയാത്ര, താമസം, ചികിത്സയ്ക്കുള്ള കാലതാമസം മുതലായവ ഒഴിവാക്കാന്‍ സാധിക്കും.

ഇന്ത്യ ഒട്ടാകെയുള്ള പല സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കാർക്കിനോസിന്‍റെ പ്രവർത്തനങ്ങളിലെ ഒരു വലിയ ചുവടുവെയ്പ്പ് കൂടിയാണ് കാർക്കിനോസിന്‍റെ കേന്ദ്ര നാഡീവ്യൂഹമായി പ്രവർത്തനം ആരംഭിച്ച അഡ്വാൻസ്ഡ് സെന്‍റർ ഫോർ ക്യാൻസർ ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച്ച്.

ഏറ്റവും ആധുനികവും നൂതനമായ ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) പരിശോധനാ ഉപകരണം, കോബാസ് 6800 ആണ് കാർക്കിനോസ് ഹെൽത്ത്‌കെയറിൽ സ്ഥാപിച്ചിട്ടുള്ളത്. 1200-തിലധികം എച്ച്‌പിവി പരിശോധനകള്‍ ദിവസവും ചെയ്യാൻ കഴിയും. 2030-ഓടെ ഗർഭാശയ അർബുദം ഇല്ലാതാക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി കേരള ഫെഡറേഷൻ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിക് പോലുള്ള പ്രൊഫഷണൽ ഓർഗനൈസേഷനുകളുമായി കാർകിനോസ് ഹെൽത്ത്‌കെയർ സഹകരിക്കുന്നുണ്ട്.

ഇന്ത്യയിൽ ഡിസ്ട്രിബ്യൂട്ടഡ് ക്യാൻസർ കെയർ നെറ്റ്‌വർക്ക് മോഡലിന് തുടക്കമിട്ട കാർക്കിനോസ് ഹെൽത്ത്‌കെയറിന്‍റെ നിക്ഷേപകരിൽ രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, ക്രിസ് ഗോപാലകൃഷ്ണൻ, റോണി സ്‌ക്രൂവാല, വിജയ് ശേഖർ ശർമ, ഭവിഷ് അഗർവാൾ എന്നിവരും ഉൾപ്പെടുന്നു. 

ടാറ്റ ഗ്രൂപ്പിന്‍റെ കർക്കിനോസ് ഹെൽത്ത്‌കെയറിലെ നിക്ഷേപം 110 കോടി രൂപ ആണ്. ആഗോള ക്ലിനിക്കൽ സ്റ്റേജ് ബയോടെക്‌നോളജി കമ്പനിയായ രാകുട്ടെൻ മെഡിക്കൽ, റിലയൻസ് ഡിജിറ്റൽ ഹെൽത്ത്, മയോ ക്ലിനിക്ക് എന്നിവ കാർക്കിനോസിൽ ന്യൂന ഓഹരി നിക്ഷേപകരാണ്. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് എൻഡിയ പാർട്‌ണേഴ്‌സിനും കമ്പനിയിൽ ഓഹരിയുണ്ട്. 

കർക്കിനോസ് ഹെൽത്ത്‌കെയർ 2021 ഏപ്രിൽ മുതൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഓങ്കോളജി സേവനം ആരംഭിച്ചു, അതിനുശേഷം എറണാകുളം, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. കേരളത്തിൽ, നിലവിലുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിൽ 11 യൂണിറ്റുകൾ സ്ഥാപിക്കുകയും 2023 സാമ്പത്തിക വർഷത്തോടെ 63 കേന്ദ്രങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്ന് ആരംഭിച്ച കർക്കിനോസ് ഹെൽത്ത്‌കെയർ ഇപ്പോൾ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മണിപ്പൂർ, ഡൽഹി എൻസിആർ എന്നിവിടങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ 400 കമ്മ്യൂണിറ്റി കാൻസർ സെന്‍ററുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുടനീളമുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു.

കഴിഞ്ഞ വർഷം രാജ്യത്തുടനീളം പാൻഡെമിക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, കാർക്കിനോസ് ഹെൽത്ത്‌കെയർ നെറ്റ്‌വർക്ക് ഒരു ലക്ഷത്തിലധികം പൗരന്മാരുടെ കാൻസർ അപകടസാധ്യത വിലയിരുത്തി. അവരിൽ 15,000 പേരെ ഉയർന്ന അപകടസാധ്യതയുള്ളതായി വിലയിരുത്തുകയും കാർക്കിനോസ് നെറ്റ്‌വർക്കിൽ സ്റ്റാൻഡേർഡ് കാൻസർ സ്ക്രീനിംഗ് സേവനങ്ങൾക്ക് വിധേയരാകുകയും ചെയ്തു. 260 ലധികം കാൻസർ കേന്ദ്രീകൃത സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാഷണൽ ക്യാൻസർ ഗ്രിഡിൽ കമ്പനി അംഗമാണ്. മണിപ്പൂർ ഗവൺമെന്റിന്‍റെ പങ്കാളിത്തത്തോടെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ജെഎൻഐഎംഎസ്) പരിസരത്ത് കാൻസർ സെന്‍റർ കർക്കിനോസ് ഹെൽത്ത്‌കെയർ സ്ഥാപിക്കുന്നുണ്ട്.

അഡ്വാൻസ്‌ഡ് സെന്‍റര്‍ ഫോർ കാൻസർ ഡയഗ്‌നോസ്റ്റിക്‌സ് ആൻഡ് റിസർച്ച് കേന്ദ്രത്തിൽ ലഭ്യമായ സേവനങ്ങൾ:

  • സൈറ്റോളജി, മോളികുലാര്‍ പതോളജി, ലിക്വിഡ് ബയോപ്‌സി, പൂർണ്ണ ജീനോം സീക്വൻസിങ് എന്നിവ ഉൾപെടെയുള്ള സമഗ്ര കാൻസർ ഡയഗ്‌നോസ്റ്റിക് സേവനങ്ങൾ ലഭ്യമാകുന്ന ആദ്യ ഓങ്കോളജി ലബോറട്ടറി
  • കാലതാമസം ഒഴിവാക്കി എവിടെനിന്നും ലഭ്യമാകുന്ന ഡിജിറ്റൽ പതോളജി സൗകര്യങ്ങൾ. 
  • മോളിക്യുലാർ ട്യൂമർ ബോർഡ്- കൃത്യമായ ടാർഗെറ്റുചെയ്‌ത ചികിത്സയ്‌ക്കായുള്ള കമ്പാനിയൻ ഡയഗ്നോസ്റ്റിക്സ്
  • കാൻസർ രോഗനിർണ്ണയത്തിലും, ചികിത്സാ പ്രതികരണത്തിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും ഡാറ്റ സയൻസസിന്‍റെയും ഉപയോഗം.
  • ആഗോള നിലവാരത്തിനൊപ്പം ഗുണനിലവാരമുള്ള സേവനങ്ങൾ താങ്ങാനാവുന്ന നിരക്കിൽ.
  • പരിശീലനം- അറിവ് പകരുന്നതിനുള്ള ഹ്രസ്വകാല കോഴ്‌സും ഫെലോഷിപ്പും അടുത്ത തലമുറ ലബോറട്ടറി വിദഗ്ധർക്ക് നൽകുന്നു

ചിത്രം: സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ക്യാൻസർ പരിചരണം നൽകുന്ന കാർക്കിനോസ് ഹെൽത്ത്കെയറിന്‍റെ അഡ്വാൻസ്‌ഡ് സെന്‍റര്‍ ഫോർ കാൻസർ ഡയഗ്‌നോസ്റ്റിക്‌സ് ആൻഡ് റിസർച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി മേയർ എം അനില്‍കുമാർ, കാർക്കിനോസ് ഹെൽത്ത്‌കെയർ മെഡിക്കൽ ഡയറക്ടറും കേരള ഓപ്പറേഷൻസ് സിഇഒയുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് വൈസ് ചാൻസിലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, വ്യവസായമന്ത്രി പി രാജീവ്‌, ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎല്‍എ, കുസാറ്റ് വൈസ് ചാൻസിലർ ഡോ. കെ എൻ മധുസൂദനൻ എന്നിവർ സമീപം.